പെണ്ണാണെങ്കിലും എന്റെ മീശ ഇഷ്ടമാണ്, വടിച്ചാല്‍ ജീവിച്ചിരിക്കില്ല; മീശക്കാരി ഷൈജ പറയുന്നു

കൊല്ലം: എന്തിനാ ഇങ്ങനെ മീശ വെക്കുന്നത് എന്ന് എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ മീശ എടുക്കാന്‍ ഒരുപാട് സംവിധാനങ്ങളില്ലേ? മീശ എടുത്തൂടേ? എന്നൊക്കെ. എന്നാല്‍ എനിക്ക് മീശ എടുക്കാന്‍ ഇതുവരെ തോന്നീട്ടില്ല കേട്ടോ.. സത്യത്തില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ മീശ. എത്ര ഇഷ്ടാന്ന് ചോദിച്ചാല്‍ എന്ത് പറയണമെന്ന് അറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് മീശ’ -മീശക്കാരി ഷൈജ ചിരിച്ചുകൊണ്ട് മനം തുറന്നു. കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടില്‍ ഷൈജയാണ് സ്വന്തം മീശയില്‍ ഇത്രമേല്‍ അഭിമാനം കൊള്ളുന്നത്.

‘എന്തിനാ ആണുങ്ങളെ പോലെ മീശ വെച്ച്‌ നടക്കുന്നേ, നീ പെണ്ണല്ലേ എന്നൊക്കെ ചോദിച്ച്‌ ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്. അതേ, ഞാന്‍ പെണ്ണാണ്. പക്ഷേ, എന്റെ മീശ ഞാന്‍ കളയില്ല. മോളുടെ സ്കൂളില്‍ പോകുമ്ബോഴും മറ്റു അമ്മമാര്‍ എന്റെ മീശ നോക്കി ചിരിക്കുകയും അടക്കം പറയുകയുമൊക്കെ ചെയ്യാറുണ്ട്. ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ആശുപത്രിയിലും അമ്ബലത്തിലും കല്യാണത്തിനും ഒക്കെ പോകുമ്ബോള്‍ മീശയെകുറിച്ച്‌ മിക്കവരും പറയാറുണ്ട്. അതൊന്നും എനിക്ക് പ്രശ്നമല്ല. ഈയിടെ യൂട്രസിന്റെ ഓപ്പറേഷന്‍ ചെയ്യാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ തമാശയായി ‘മീശയെടുക്കട്ടേ’ എന്ന് ചോദിച്ചു. ‘അയ്യോ എടുക്കല്ലേ.. എടുത്താല്‍ പിന്നെ ഞാന്‍ ജീവനോടെ ഇരിക്കില്ല’ എന്ന് പറഞ്ഞു. വെറുതെ പറഞ്ഞതാണെന്നും അതാലോചിച്ച്‌ ബി.പി കൂ​ട്ടേണ്ട എന്നും ഡോക്ടര്‍ പറഞ്ഞു’ -മീശക്കാരി ഷൈജ മീശ പിരിച്ചുകൊണ്ട് ഓര്‍ത്തെടുത്തു.

‘എന്റെ വീട്ടുകാരോ ഭര്‍ത്താവോ മോളോ ആങ്ങളയോ ഒന്നും മീശക്കെതിരെ പറഞ്ഞിട്ടില്ല. പുരികം പ്ലക്ക് ചെയ്യാനും മറ്റും ഞാന്‍ പോകുന്ന ബ്യൂട്ടീഷ്യനായ സുഹൃത്തും ഇതുവരെ എന്റെ മീശമേല്‍ കൈവെച്ചിട്ടില്ല. നെഗറ്റീവ് പറയുന്ന ഒരുപാട് പേരുണ്ട്. പക്ഷേ, അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം, “എനിക്ക് വലുത് എന്റെ മീശയാണ്. അത് ഒരിക്കലും എടുത്ത് കളയില്ല. ദൈവം തന്നതാണ്. അതവിടെ നിന്നോട്ടേ എന്നേ പറയാനുള്ളൂ. വീട്ടുകാര്‍ക്കും ഭര്‍ത്താവിനും ഇല്ലാത്ത വിഷമം നാട്ടുകാര്‍ക്ക് വേണ്ട. മീശയെടുക്കുന്ന കാര്യത്തില്‍ നോ കോംപ്രമൈസ്. എനിക്കത്രക്കും ഇഷ്ടാട്ടോ എന്റെ മീശ” ഷൈജ പറഞ്ഞു നിര്‍ത്തി.

10 വര്‍ഷം മുമ്ബാണ് പൊടിമീശ വന്നുതുടങ്ങിയത്. ഇപ്പോള്‍ ഫേസ്ബുക്കിലും ഞാന്‍ മീശക്കാരി എന്ന പേരില്‍ പേജ് തുടങ്ങിയിട്ടുണ്ട്. പാലക്കാട് സ്വദേശി ലക്ഷ്മണനാണ് ഭര്‍ത്താവ്. മകള്‍ അശ്വിക 10-ാം ക്ലാസില്‍ പഠിക്കുന്നു. രണ്ടുപേരും മീശക്ക് കട്ടസപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.