എസ്‌എഫ്‌ഐക്ക് മൂക്ക് കയർ ഇടണം, മുന്നണിക്ക് നാണക്കേട് ഉണ്ടാക്കി – സി പി ഐ

 

കൊല്ലം/ എസ്‌എഫ്‌ഐയെ മൂക്ക് കയർ ഇട്ടു നിയന്ത്രിക്കണമെന്ന് സി പി ഐക്ക് പറയേണ്ടി വന്നു. എസ്‌എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷകരമാകു മെന്ന മുന്നറിയിപ്പുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്‌ ബാബു ആണ് രംഗത്ത് വന്നത്.

കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി. അവരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ദോഷം ചെയ്യും. പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു.

വയനാട്ടിൽ നടന്ന സംഭവം അപലപനീയമാണ്. അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു – പ്രകാശ് ബാബു പറഞ്ഞു. സർക്കാരിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകള്‍ ഈ രീതിയിൽ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും പ്രകാശ് ബാബു പറയുകയുണ്ടായി.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. സർക്കാരും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണെന്നും പ്രകാശ് ബാബു ഓർമ്മിപ്പിച്ചു.