വിശ്വാസ വോട്ട് : ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീംകോടതിയിലേക്ക്

 

മുംബൈ/ രാഷ്ട്രീയപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീംകോടതിയിലേക്ക്. ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് എംപി ആണ് അറിയിച്ചിരിക്കുന്നത്. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ആണ് ഇതേപ്പറ്റി റാവത്ത് പ്രതികരിച്ചത്.

കേസില്‍ തീര്‍പ്പുണ്ടാകാതിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധ നടപടിയാണെന്നും, നിലവിലെ സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കുക എന്നതാണ് ഗവര്‍ണര്‍ക്ക് അഭികാമ്യമെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിട്ടുണ്ട്. 50 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ട്. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വിശ്വാസ വോട്ടെടുപ്പില്‍ സംബന്ധിക്കാനായി വ്യാഴാഴ്ച മുംബൈയില്‍ എത്തുമെന്നും ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്.

ഏക്‌നാഥ് ഷിന്‍ഡെയും വിമത എംഎല്‍എമാരും രാവിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയുണ്ടായി. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്ന് ഏക്‌നാഥ് ഷിന്‍ഡെ തുടർന്ന് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാണ് ഉദ്ധവ് സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി രാവിലെ 11 മണിക്ക് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ അസംബ്ലി സെക്രട്ടറിക്ക് ഗവര്‍ണര്‍ കത്ത് നൽകിയിട്ടുമുണ്ട്.

വിശ്വാസവോട്ടെടുപ്പ് മാത്രമാകും നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ അജണ്ട. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയില്‍ കര്‍ശന സുരക്ഷാ നടപടികല്‍ ഒരുക്കാനും, വോട്ടെടുപ്പ് വീഡിയോയില്‍ പകർത്താനും വിശ്വാസ വോട്ടെടുപ്പ് സംപ്രേക്ഷണം ചെയ്യാനും, ഗവര്‍ണര്‍ കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു. ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വത്തില്‍ 39 ശിവസേന എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഷിന്‍ഡെ അടക്കം 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ് താക്കറെ പക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.