പുത്രചെയ്തികളുടെ പാപഭാരം പേറി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ ഈ ധാര്‍മ്മികത പിണറായി വിജയന് ബാധകമല്ലേ? ശോഭാ സുരേന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ വാര്‍ത്തയില്‍ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കോടിയേരി ബാലകൃഷ്ണന്‍ പുത്രചെയ്തികളുടെ പാപഭാരം പേറി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍, ഈ ധാര്‍മ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്. ശിവശങ്കര്‍ നേരിട്ട് നടത്തിയ സ്പ്രിങ്ക്‌ലര്‍ ഇടപാടില്‍ ഉള്‍പ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതില്‍ ധാര്‍മ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നില്ലേയെന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ബിനീഷ് കുറ്റക്കാരനാകുമ്പോള്‍ കോടിയേരി രാജി വെയ്‌ക്കേണ്ടി വരുമെങ്കില്‍ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്‌ക്കേണ്ടതല്ലേ? ശോഭാ സുരേന്ദ്രന്‍ കുറിച്ചു.

ആരോഗ്യ പരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടര്‍ ചികിത്സയ്ക്കായി അവധി അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം അറിയിച്ചത്. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും.

തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോടിയേരി ബാലകൃഷ്ണൻ പുത്രചെയ്തികളുടെ പാപഭാരം പേറി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ, ഈ ധാർമ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നതാണ്. ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്. ശിവശങ്കർ നേരിട്ട് നടത്തിയ സ്പ്രിങ്ക്ലർ ഇടപാടിൽ ഉൾപ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതിൽ ധാർമ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്‌ക്കേണ്ടതല്ലേ?