അവള്‍ ഇനി അജയ, കുഞ്ഞിന് പേര് നിര്‍ദേശിച്ചത് കുഞ്ഞിനെ വീണ്ടെടുത്ത എസ്‌ഐ റെനീഷ്

കോട്ടയം മഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം നാടകീയ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്. ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിയെടുക്കുകയും ഉടന്‍ തനെനെ പോലീസ് വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തട്ടിയെടുക്കപ്പെട്ട് തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നല്‍കിയിരിക്കുകയാണ്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ് ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യു.

അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കോട്ടയത്തെ വനിത ജയിലിലേക്ക് മാറ്റി. ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. മേഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്നുമാണ് ഡോക്ടറുടെ കോട്ട് വാങ്ങിയതെന്ന് നീതു പോലീസിനോട് പറഞ്ഞു. ഈ കടയിലും ഹോട്ടലിലപം എത്തിച്ച് തെളിവെടുപ്പ് നടത്തും.

നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. നീതുവിനേയും ഏഴു വയസുകാരന്‍ മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു. നീതുവിന്റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവിനക്കാരനെതിരെ കുട്ടിയുടെ പിതാവ് ശ്രീജിത്ത് രംഗത്തെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ ജോലിക്കുണ്ടായിരുന്ന അതേ സെക്യൂരിറ്റി ഇന്ന് ശ്രീജിത്തിനോട് അപമര്യാദയായി പെരുമാറി. കുഞ്ഞിനെ കാണാന്‍ എത്തിയ പിതാവിനെ തടഞ്ഞ സെക്യൂരിറ്റി കുട്ടിയെ നീ കൊടുത്തുവിട്ടതല്ലേ എന്ന് ശ്രീജിത്തിനോട് ചോദിക്കുകയായിരുന്നു.

കുട്ടിയെ ഇന്നലെയാണ് ഐസിയുവില്‍ നിന്ന് മാറ്റിയത്. ഇതോടെ കുഞ്ഞിനെ ഒന്ന് കാണാനായി പിതാവ് ശ്രീജിത്ത് എത്തി. ഈ സമയമാണ് സുരക്ഷാ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയത്. കുഞ്ഞിനെ കാണാനായി ചെന്നപ്പോല്‍ അവിടെ നിന്ന വനിതാ സുരക്ഷാ ജീവനക്കാരി ഇവിടെ അങ്ങനെ ഒരു നിയമം ഇല്ലെന്ന് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ഇതേസമയത്ത് കുട്ടിയെ തട്ടികൊണ്ട് പോയപ്പോള്‍ ചോദിക്കാത്തത് ഇപ്പോഴാണോ ചോദിക്കുന്നേ എന്ന് കുട്ടിയുടെ പിതാവ് ചോദിച്ചു. അപ്പോഴാണ് അവിടെ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കുട്ടിയെ നീ കൊടുത്തുവിട്ടതല്ലേ എന്ന് ചോദിച്ചത്. കുട്ടിയെ കൊടുത്തുവിട്ടിട്ട് ഷോ കാണിക്കുന്നോ എന്നും ചോദിച്ചു.

ബന്ധുക്കളെല്ലാം എത്തി ചോദ്യം ചെയ്തപ്പോള്‍ അവിടെ എത്തിയ ആംബുലന്‍സില്‍ കയറി സെക്യൂരിറ്റി ജീവനക്കാരന്‍ പോവുകയായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു. ഇതേ സുരക്ഷാ ജീവനക്കാരന്‍ തന്നെയാണ് ഇന്നലെ കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോഴും ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്തുവെന്ന് കുഞ്ഞിന്റെ പിതാവ് ശ്രീജിത്ത് ആരോപിക്കുന്നു.