വയോധികനെ മർദിച്ച പൊലീസ് എസ്ഐയെ സ്ഥലം മാറ്റി

കൊല്ലം: ചടയമംഗലത്ത് നടുറോഡിൽ വയോധികനെ മർദിച്ച പൊലീസ് എസ്ഐയെ സ്ഥലം മാറ്റി. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്ഐ നജീം മുഖത്തടിച്ചത്. കുട്ടിക്കാനം കെഎപി ബറ്റാലിയനിൽ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടിയെടുക്കുമെന്ന് കൊല്ലം റൂറൽ എസ്പി അറിയിച്ചു. ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്ത വയോധികനെയാണ് എസ്ഐ ഷജീം മർദിച്ചത്. രാമാനന്ദൻ നായർ (69) ആണ് മർദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

രാമാനന്ദൻ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ പൊലീസ് കൈ കാണിച്ചു ബൈക്ക് നിർത്തിക്കുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും കയ്യിൽ പണമില്ലെന്ന് പറ‍ഞ്ഞു. സ്റ്റേഷനിൽ വന്ന് പിഴയടക്കാമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ എസ്ഐ ഇവരെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി.

ജംങ്ഷനിൽ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത്. രാമാനന്ദൻ നായർ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എസ് ഐയെ ആക്രമിക്കാൻ രാമാനന്ദൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങളടക്കം സംഭവം വിവാദമായതോടെ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്പി ആവശ്യപ്പെട്ടു.