സിദ്ധാര്‍ഥന്റെ മരണം, മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി

പൂക്കോട് (വയനാട്): സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ഥിനെ മര്‍ദിക്കാനുപയോഗിച്ച ഇലക്ട്രിക് വയര്‍, ഗ്ലൂഗണ്‍ എന്നിവ പോലീസ് കണ്ടെത്തി.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ താമസിക്കുന്ന ഇരുപത്തിയൊന്നാം നമ്പർ മുറിയിൽ നിന്നാണ് ഗ്ലൂ ഗൺ കണ്ടെടുത്തത്. 36 ആം നമ്പർ മുറിയിൽ നിന്ന് മർദ്ദിക്കാൻ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. കോളജ് ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനാണ് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത്. ഇതേതുടർന്ന് വീട്ടിലേക്ക് പോകും വഴി എറണാകുളത്തെത്തിയ സിദ്ധാർത്ഥൻ മടങ്ങിവന്നു.

രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാൽ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിന്‍ജോ ഒഴികെയുള്ള പ്രതികളെ ഞായറാഴ്ച തെളിവെടുപ്പിന് എത്തിച്ചില്ല. സിന്‍ജോ ജോണ്‍സനാണ് സിദ്ധാര്‍ഥിനെ ആള്‍ക്കൂട്ടവിചാരണ ചെയ്യാനുള്ള ആസൂത്രണങ്ങളൊരുക്കിയതും ആളുകളെ വിളിച്ചുകൂട്ടിയതും പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതും എന്നാണ് പറയപ്പെടുന്നത്.