ഉത്രയുടെ കുടുംബത്തിന്റെ കാലുപിടിച്ച് മാപ്പ് പറയും, ഇനി പാമ്പിനെ പിടിക്കില്ല; പാമ്പുപിടുത്തക്കാരന്‍ സുരേഷ്‌

അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സുരേഷ് ജയില്‍മോചിതനായി. താന്‍ ഇനി പാമ്ബിനെ പിടിക്കില്ലെന്നും, ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയുമെന്നും 17 മാസം നീണ്ട ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സുരേഷ് പറഞ്ഞു. ഉത്രയുടെ അച്ഛനെയും അമ്മയെയും സഹോദരനെയും കണ്ട് കാലില്‍ വീണ് മാപ്പ് പറയുമെന്ന് സുരേഷ് വ്യക്തമാക്കി. കോടതിയില്‍ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പാമ്ബിനെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്.

‘സൂരജ് മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് അറിഞ്ഞിരുന്നില്ല. ഞാന്‍ പാമ്ബുപിടിക്കുന്ന യൂ ട്യൂബ് വീഡിയോകളില്‍ നിന്നു നമ്ബര്‍ എടുത്താണ് സൂരജ് വിളിച്ചത്. എന്നോട് ആരാധനയാണെന്ന് പറഞ്ഞു. ആദ്യം ഫോണില്‍ സംസാരിച്ച ശേഷം 2020 ഫെബ്രുവരി 18ന് കാണാന്‍ ചാത്തന്നൂരില്‍ എത്തി. അതിനുശേഷം നിരന്തരം സംസാരിച്ചു സൗഹൃദം സ്ഥാപിച്ചു.

ഉത്ര മരിച്ച്‌ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സൂരജ് വിളിച്ചു. എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ സൂരജ് പറഞ്ഞത്, ചേട്ടന്‍ പുറത്തു പറയാതിരുന്നാല്‍ ഇത് സര്‍പദോഷമായി അവസാനിക്കും. പുറത്തറിഞ്ഞാല്‍ ചേട്ടനും കൊലക്കേസില്‍ കുരുങ്ങും. ഞാന്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു കാര്യം കാര്യം ചെയ്യില്ല. എനിക്കും മൂന്നു മക്കളുണ്ട്. ഓരോ ദിവസവും മനസുരുകി പ്രാര്‍ഥിച്ചാണ് ജയിലില്‍ കഴിഞ്ഞത്’- സുരേഷ് പറഞ്ഞു.