അന്യായമായി പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് മനംനൊന്ത് മന്‍സൂര്‍ കേസ് രണ്ടാം പ്രതി ജീവനൊടുക്കിയതെന്ന് ദേശാഭിമാനി, ഇങ്ങനെ വളച്ചൊടിക്കരുതെന്ന് സോഷ്യല്‍ ലോകം

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ രതീഷിന്റെ മരണത്തിലും ദുരൂഹത ഏറുകയാണ്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ആണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം രതീഷിന് മന്‍സൂറിന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന ന്യായീകരണമാണ് ദേശാഭിമാനി നടത്തുന്നത്.

കേസില്‍ അന്യായമായി പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് രതീഷ് ജീവനൊടുക്കിയെന്നാണ് ദേശാഭിമാനിയില്‍ രതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് എത്തിയ വാര്‍ത്ത. കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.

സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാര്‍ ആസൂത്രിതമായി കേസില്‍പ്പെടുത്തകയായിരുന്നു. കള്ളക്കേസില്‍കുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകര്‍ന്ന യുവാവിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാര്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.- എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശാഭിമാനിയുടെ ഈ റിപ്പോര്‍ട്ടിന് എതിരെ നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മരിച്ചുവെങ്കിലും ഒരു കൊലപാതകത്തിലെ പ്രതിയെ ഇത്തരത്തില്‍ നിരപരാധിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വാര്‍ത്തകള്‍ യാതൊരു നിലവാരവുമില്ലാതെ വളച്ചൊടിക്കുന്നതിന് എതിരെയും പലരും രംഗത്ത് എത്തുന്നുണ്ട്. പാര്‍ട്ടി പത്രമെന്ന് കരുതി എന്ത് തോന്ന്യവാസവും എഴുതി വിടരുതെന്നു പറയുന്നവരും ചുരുക്കമല്ല.