ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം, നമ്പര്‍ ഉണ്ടെങ്കില്‍ അതും, മാലികിനെ കുറിച്ച് ശ്രീജിത് പണിക്കര്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ചിത്രത്തിന് വിമര്‍ശനവും ഉയരുന്നുണ്ട്. 2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

ഇപ്പോള്‍ മാലിക് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിഹസിച്ച് ശ്രീജിത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കര്‍ ചോദ്യം ചെയ്യുന്നത്.

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ: മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാള്‍ മുകളില്‍ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളില്‍ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്പര്‍ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാന്‍ അറിയുന്നവരുടെ നമ്പര്‍ ഉണ്ടെങ്കില്‍ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാല്‍ മതി.’