ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളേ, ഇതു പുതിയ സൗന്ദര്യ സങ്കല്‍പ്പം, ശ്രുതിയുടെ കുറിപ്പ് ശ്രദ്ധേയം

മെലിഞ്ഞിരിക്കുന്നവര്‍ക്ക് മാത്രം സുന്ദരിപ്പട്ടം നല്‍കുന്ന ഒരു സമൂഹം ഇന്ന് നമുക്കൊക്കെ ചുറ്റിനുമുണ്ട്. ബോഡി ഷെയ്മിങ്ങിനു ഇരയാകേണ്ടി വരുന്ന നിരവധി പേരുണ്ട്. അഴകിന് അളവുകോല്‍ കല്‍പ്പിച്ചു നല്‍കുന്നവര്‍ക്ക് മറ്റൊരുന്നും ചിന്തിക്കാറില്ല. ഒരാള്‍ക്ക് എങ്ങനെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചിന്തിക്കുന്നില്ല. സീറോ സൈസും ഒതുങ്ങിയ അരക്കെട്ടുകളും മാത്രം റാംപില്‍ കണ്ട് ശീലിച്ചവര്‍ക്ക് മുന്നിലൂടെ ആ സുന്ദരി എത്തി. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആ ചിത്രം മുന്‍നിര്‍ത്തി ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി കിഷന്‍ കുരുവി.

‘അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്.സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി.സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല.’ ശ്രുതി കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം, അഴക്… അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി. മെലിഞ്ഞിരിക്കുക എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്‍ഥം എന്നരീതിയില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പച്ചവെള്ളം കുടിച്ചാല്‍ പോലും തടി വെക്കുന്നവര്‍ മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്.

സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല. വണ്ണമുള്ളവരില്‍ 99% പേരും തിന്ന് കൊഴുത്തതെന്നും തടിച്ചി എന്നും ചക്കപോത്തെന്നും ഒക്കെയായി എന്തെല്ലാം പേരുകള്‍ കേട്ടിട്ടുണ്ടാകണം.

അസുഖമോ പാരമ്പര്യമോ പ്രസവ ശേഷമോ ഒക്കെയായി ഒരാള്‍ തടി വെക്കുന്നതിനു കാരണങ്ങള്‍ അനവധിയാണ്. ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളുള്ള ലോകത്ത്, വണ്ണത്തെ ഓര്‍ത്തു ആകുലപ്പെട്ട് ഇഷ്ട ഭക്ഷണം മുതല്‍ ഇഷ്ട വസ്ത്രം വരെ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് മുന്നില്‍ ചാടി തൂങ്ങിയ വയറുമായി കോണ്‍ഫിഡന്‍സോടെ ഒരുപെണ്ണ് നടന്നുവരുന്നത് തന്നെയാണ് അഴക്. Every body is beautiful.