മുദ്രവച്ച കവറിൽ രേഖകൾ കോടതിക്ക് കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം- ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി. മുദ്രവെച്ച കവറില്‍ കോടതിക്ക് രേഖകള്‍ കൈമാറുന്നത് ജുഡീഷ്യല്‍ നടപടികളുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു റാങ്ക് ഒരു പെന്ഡഷന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.

ഇത് സംബന്ധിച്ച കേസില്‍ അറ്റോര്‍ണി ജനറല്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിശദീകരണം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചില്ല. അതേസമയം മുദ്രവച്ച കവറിലെ രേഖകള്‍ സ്വീകരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പാണെന്ന് വ്യക്തമാക്കി. ഇത്തരത്തില്‍ മുദ്രവെച്ച കവറില്‍ രേഖകള്‍നല്‍കുന്ന സംവിധാനം അവസാനിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രേഖ സ്വീകരിക്കാതെ വന്നതോടെ അറ്റോര്‍ണി ജനറല്‍ ഇത് വായിക്കുകയായിരുന്നു.

കുടിശ്ശിക നല്‍കുന്നതിന് 28000 കോടി രൂപ ആവശ്യമാണ്. 2022-2023 വര്‍ഷത്തെ ബജറ്റില്‍ 5.28 ലക്ഷം കോടി നീക്കി വെച്ചിട്ടുണ്ട്. ഇതില്‍ 1.32 ലക്ഷം കോടി പെന്‍ഷന്‍ വിതരണത്തിന് വേണ്ടിയാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം കുടിശ്ശിക ഗഡുക്കളായി വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.