ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ എന്ന് സുബി, എയറില്‍ നിര്‍ത്തി സോഷ്യല്‍ ലോകം

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും സ്റ്റേജ് പെര്‍ഫോര്‍മറും ഒക്കെയാണ് സുബി സുരേഷ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി ധാരാളം സ്റ്റേജ് ഷോകളിലും ഭാഗമായി. കനക സിംഹാസനം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങി ഏതാനും സിനിമകളുടേയും ഭാഗമായിട്ടുണ്ട് താരം. ഇപ്പോഴിതാ സുബി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന് കുറിച്ചുകൊണ്ട് ഗായകന്‍ കെ.ജെ യേശുദാസിന്റെ ഒരു ചിത്രമാണ് സുബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ചതോടെ കമന്റുകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഒരു കൈയ്യബദ്ധം നാറ്റിക്കരുത് !, ദാസേട്ടനല്ല… ഗന്ധര്‍വ്വ ഗാനത്തിന്, പോസ്റ്റ് മുക്കിക്കോ വേഗം, ‘കാള പെറ്റൂന്ന് കേട്ടു’, ഇന്ന് പിറന്നാള്‍ അല്ല, മലയാള സിനിമയില്‍ അല്ലെങ്കില്‍ മലയാളിയുടെ ചെവിയില്‍ ഈ നാദ വിസ്മയം പതിച്ചിട്ട് ഇന്നേക്ക് 60 വര്‍ഷം തികയുന്നു. സിനിമ മേഖലയില്‍ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്, മുതലാളി പോസ്റ്റ് മുക്കിന്‍ തുടങ്ങി നിരവധി കമന്റുളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.

യേശുദാസ് മലയാള സിനിമാ സംഗീത ലോകത്ത് എത്തിയിട്ട് 60 വര്‍ഷം പിന്നിടുന്ന ദിവസമായിരുന്നു ഇന്നലെ. 1961 നവംബര്‍ 14ന് രാമന്‍ നമ്പിയത്ത് നിര്‍മിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ആദ്യമായി പാടിയത്. അദ്ദേഹത്തിന്റെ 21-ാം വയസില്‍ ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റെക്കോര്‍ഡിംഗ്.