കോവിഡ് : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഒത്തുചേരലിനും സൂപ്പര്‍ സ്‌പ്രെഡറുകളായി മാറുന്ന പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനക്ഷേമം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കേന്ദ്രം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.

സമ്ബൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാന്‍ ആവശ്യപ്പെട്ടത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. ലോക്ഡൗണ്‍ മൂലമുണ്ടാകുന്ന സാമൂഹിക സാമ്ബത്തിക പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയാമെന്നും അതിനാല്‍ എല്ലാ മുന്‍കരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാര്‍ച്ചില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സാമ്ബത്തിക മാന്ദ്യം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തല്‍. തുടര്‍ന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാല്‍ സാമ്ബത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും എന്ന കാരണത്താലാണ് രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതിരിക്കുന്നത്.