ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അനുകരണീയമായ മാതൃകയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അനുകരണീയമായ മാതൃകയല്ലെന്നും. ഇത്തരത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കുന്ന സംസ്ഥാനം ഇന്ത്യയില്‍ വേറെ ഏതുണ്ടെന്നും പിണറായി വിജയന്‍ ചോദിച്ചു. കേരളത്തിലെ ക്രമസമാധാന നില ഭദ്രമെന്ന് നേരിട്ടു മനസ്സിലാക്കിയ ഗവര്‍ണര്‍ അത് രാജ്യത്തിനും വ്യക്തമാക്കി കൊടുത്തു.

രാജ്യത്ത് ആളുകള്‍ക്ക് മുന്‍കൂട്ടി അറിയിക്കാതെ ഇത്തരത്തില്‍ ഇറങ്ങിച്ചെല്ലാം സാധിക്കുന്ന എത്ര സ്ഥലങ്ങളാണുള്ളത്. കേരളത്തില്‍ ഇത്തരത്തില്‍ പോകാന്‍ യാതൊരു പ്രശ്‌നവുമില്ല. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് തോന്നിയ പോലെ ഇറങ്ങി നടക്കുന്നത് അനുകരണീയമായ കാര്യമല്ല.

മിഠായി തെരുവ് പ്രശസ്തമാണെന്ന് അദ്ദേഹം കേട്ടിട്ടുണ്ടാകും. അതായിരിക്കാം അവിടെ പോകാന്‍ കാരണം. ചില കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കുമെല്ലോ ഗവര്‍ണര്‍ ഇറങ്ങിയിരിക്കുക. അത് എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം.