അത്യന്തം അപകടം പതിയിരിക്കുന്ന വഴിയാണ് പ്രദീപ് തിരഞ്ഞെടുത്തത്,കുറിപ്പ്

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ അനുസ്മരിച്ച് സഹപ്രവർത്തകനായ സജീവ് കൃഷ്ണൻ. ഇന്നലെ ഒന്നും പറയാനാവാത്ത വിധം വാക്ക് വരണ്ടുപോയ ഒരു വിയോഗം. അടുത്തകാലത്തൊന്നും ഒരു മരണവും അഗാധ ദുഃഖം നൽകിയിട്ടില്ല. പ്രാർത്ഥനയിലൂടെ ആ സങ്കടങ്ങൾ അലിയിച്ചിട്ടാണ് ഇന്ന് ഇതെഴുതാൻ കഴിഞ്ഞതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ ഒന്നും പറയാനാവാത്ത വിധം വാക്ക് വരണ്ടുപോയ ഒരു വിയോഗം. അടുത്തകാലത്തൊന്നും ഒരു മരണവും അഗാധ ദുഃഖം നൽകിയിട്ടില്ല. പ്രാർത്ഥനയിലൂടെ ആ സങ്കടങ്ങൾ അലിയിച്ചിട്ടാണ് ഇന്ന് ഇതെഴുതാൻ കഴിഞ്ഞത്. 2010ലാണ് ഞാൻ ഈ യുവാവിനെ കാണുന്നത്. മായാ മാധവ ഗീതം എന്ന ഒരു ഓഡിയോ ആൽബം ചെയ്തതിൻ്റെ പേരിൽ അന്ന് ജയ്ഹിന്ദ് ചാനലിൻ്റെ Good morning കേരളം എന്ന പംക്തിയിൽ അതിഥിയായി വിളിച്ചു. ഞാൻ അന്ന് കേരളകൗമുദി റിപ്പോർട്ടർ ആണ്. അന്ന് എന്നെ ഇൻ്റർവ്യു ചെയ്തത് എസ്.വി. പ്രദീപ് ആയിരുന്നു. അഭിമുഖം എന്ന ആദ്യാനുഭവത്തിൽ എന്നെ ഇൻ്റർവ്യൂ ചെയ്ത ആദ്യ ആൾ എന്ന നിലയിൽ ആ മുഖം പിന്നെ മറന്നില്ല. അന്ന് ഞാൻ ആത്മീയത സംസാരിച്ചപ്പോൾ പ്രദീപ് ചോദിച്ച ചോദ്യം ഓർമ്മയിലുണ്ട്. ഇതൊക്കെ ഒരു മാധ്യമ പ്രവർത്തകനു ചേർന്നതാണോ? അനീതിയെ എതിർക്കേണ്ട സമയത്ത് ആത്മീയത പറഞ്ഞ് ഇരുന്നാൽ അത് മാദ്ധ്യമ ധർമ്മമാകുമോ?

ഓരോരുത്തരും സമൂഹത്തെ നയിക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ അതിന് ആത്മീയമായി ശ്രമിക്കുന്നു. അങ്ങനെയും മാധ്യമ പ്രവർത്തനം നടത്താമല്ലോ എന്നായിരുന്നു എൻ്റെ മറുപടി.ഇങ്ങനെയൊരു ചോദ്യം ചോദിച്ചതുകൊണ്ടാവാം പ്രദീപിൻ്റെ തൊഴിൽ ജീവിതത്തിൽ പിന്നീടുണ്ടായ പല ട്വിസ്റ്റുകളിലും എനിക്ക് അത്ഭുത മോ ആശങ്കയോ തോന്നാതിരുന്നത്. അയാൾക്ക് അങ്ങനെയൊക്കെ ആയാലേ ആത്മസുഖം ലഭിക്കൂ. അതിൽ കുറ്റവും കുറവും നമുക്കാണ്. അയാൾക്കല്ല. താൻ ചെയ്യുന്നത് ശരിയായ രീതിയാണെന്ന ആ യുവാവിൻ്റെ ആത്മവിശ്വാസത്തെ നമുക്ക് അംഗീകരിക്കാതെ തരമില്ല. അങ്ങനെയൊക്കെ പറയാനും വാർത്ത അവതരിപ്പിക്കാനും സാധിക്കും എന്നതും വിശാലമായ ഈ ലോകത്തിന് ചേരുന്നതു തന്നെ. പക്ഷേ, അത്യന്തം അപകടം പതിയിരിക്കുന്ന വഴിയാണ് പ്രദീപ് തിരഞ്ഞെടുത്തത്. സാഹചര്യങ്ങളെ ജയിക്കാൻ അയാൾക്ക് വേറെ മാർഗം ഒന്നും തോന്നിയിട്ടുണ്ടാവില്ല.

Aggressive ജേർണലിസത്തിൽ ഒരിക്കൽ വീണുപോയാൽ പിന്നെ നിലം തൊടാതെ വാൾവീശേണ്ടി വരും. അതിനിടെ യോദ്ധാവിന് എന്തും സംഭവിക്കാം. അതിൽ പ്രദീപിന് സംഭവിച്ചത് നമുക്കെല്ലാം ദുഃഖം നൽകുന്ന അനുഭവമാണ്. മുഖ്യധാരാ പത്രപ്രവർത്തനത്തെ വെടിഞ്ഞ് ഇവിടെ മാറി ഇരുന്ന് നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. പച്ചമുളകൾ അടുക്കി കെട്ടി വച്ച് കൊണ്ടു പോകുന്ന ലോറി പോലെയാണ് സമൂഹം. അതിൽ ഒരു മുള തെറിച്ചാൽ പിന്നെ ഒന്നിനെയും തടഞ്ഞു നിർത്താനാവില്ല. സ്ഥിതി നിയന്ത്രിക്കാനും സാധിക്കില്ല. മുളകൾ കൂട്ടി വച്ച് കെട്ടുന്നവർക്ക് ജാഗ്രതയില്ലെങ്കിൽ വലിയ ഭവിഷ്യത്തുണ്ടാകും. ഭരണം, നീതിനിർവഹണം, അധികാരം ഇതൊക്കെ ലോറിക്കണക്കിന് കടന്നു പോകുന്നുണ്ട് നമുക്കിടയിലൂടെ. ഇക്കാലത്ത് ഒന്നിനും ശരിയായ കെട്ടുവള്ളിയില്ല എന്നോർക്കുക. അവ കടന്നു പോകുമ്പോൾ ജീവിതവഴിയിൽ പരമാവധി അവയോട് അകന്നു നിൽക്കുക. ഇവയൊക്കെ കെട്ടു പൊട്ടിവീണ് വഴിയിൽ ജീവൻ പൊലിഞ്ഞാൽ നമ്മെ കണ്ടു കൊണ്ട് ആശ്വാസത്തോടെ ജീവിക്കുന്ന കുറച്ചു പേർക്ക് പെട്ടെന്ന് ആശ്രയം നഷ്ടപ്പെടും. അതല്ലാതെ സമൂഹത്തിന് അതൊരു പാഠമോ തിരുത്തോ ആവില്ല. പ്രിയ സ്നേഹിതന് പ്രണാമം.