ഭർത്താവ് മരിച്ച ശേഷമാണ് ഞാൻ ജീവിതം ആസ്വദിച്ച് തുടങ്ങിയത്- താര കല്യാണിന്റെ വാക്കുകൾ ചർച്ചയാകുന്നു

മലയാളികൾക്ക് സുപരിചിതയാണ് നടി താര കല്യാണിന്റെ കുടുംബം. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മി അടുത്തിടെയാണ് മരണപ്പെട്ടത്. മകൾ സൗഭാഗ്യയും ഭർത്താവ് അർജുനനും കുഞ്ഞും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇപ്പോഴിതാ അരീക്കൽ ആയുർവേദിക് പഞ്ചകർമ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ തനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് താര കല്യാൺ പ്രസംഗത്തിനിടെ പറയുന്നത്.

‘മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോൾ സ്ത്രീകൾക്കൊരു വിഷമം എന്ന് ഡോക്ടർ പറഞ്ഞു. സത്യം. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങൾ കുക്ക് ചെയ്യാം, പുരുഷൻമാർ പാത്രം കഴുകട്ടെ..’ എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്.
ഈ വാക്കുകൾക്ക് കൈയ്യടികൾ ലഭിച്ചതോടെ, ‘ഈ കൈയ്യടി ഞാൻ വാങ്ങിക്കട്ടെ, കാരണം നമ്മൾ എല്ലാവരും തുല്യ ദുഃഖിതരാണ്’ എന്നും താര പറയുന്നുണ്ട്. ‘ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതം ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ..’

‘പക്ഷെ ലൈഫിൽ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതിൽ ഏറ്റവും നല്ല ഫാമിലിയും ഭർത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങൾ, സാമ്പത്തികം, പല ചുമതലകൾ അങ്ങനെ ജീവിച്ച്, ഓടിത്തീർത്ത് ജീവിതം.’

‘ഇപ്പോൾ ഒരു ആറ് വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാൻ നിക്കണ്ട, ഓരോരുത്തർക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, കുട്ടിയാണോ, പുരുഷനാണോ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഒരു ചോയിസ് ആവശ്യമാണ്.’

‘അതിൽ നമ്മൾ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടർ പറഞ്ഞത്’ എന്നാണ് താര പറയുന്നത്. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന വീഡിയോക്ക് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ന്നൊൽ പലരും താരയെ പ്രശംസിക്കുന്നുമുണ്ട്.