ഹോട്ടലിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി തരൂർ, മാദ്ധ്യമപ്രവർത്തകൻ ഇടപെട്ട് പരാതി ഒതുക്കി-സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകൻ. 2022 ഒക്‌ടോബർ 11ന് ഡൽഹിയിലെ ഹോട്ടലിലാണ് സംഭവം നടന്നത്.

സ്ത്രീയുടെ പരാതി മൂടിവെക്കാൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ കരൺ ഥാപ്പർ ശ്രമിച്ചുവെന്നും അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് എക്സിൽ കുറിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ശശി തരൂരിന്റെ ധാർമികതയെ ചോദ്യം ചെയ്ത് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്ത് വന്നു.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച, കോൺഗ്രസിന്റെ പോസ്റ്റർ ബോയിയായ ശശി തരൂരിന്റെ ഒചിത്യത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭാര്യയുടെ ദുരൂഹമായ മരണത്തിൽ അദ്ദേഹത്തിന്റെ പങ്ക് സംശയാസ്പദമാണ് അതിന്റെ കൂടെയാണ് ഇതും കൂടി പുറത്ത് വന്നത്. ഇരയുടെ നിശബ്ദത മനസ്സിലാക്കാവുന്നതേയുള്ളൂ, തരൂരും ഥാപ്പറും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പറഞ്ഞു.

സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം ആദ്യം പുറത്ത് വന്നത്. കരൺ ഥാപ്പർ ഇതുമായി ബന്ധപ്പെട്ട് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും ജയ് ആനന്ദ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.