ദമയന്തിയമ്മയുടെ വിയോഗം നാടിന് തീരാ വേദനയും വിശ്വാസികൾക്ക് ഇടനെഞ്ചിൽ നൊമ്പരവുമായി.

കരുനാഗപ്പള്ളി. ലോകത്താകമാനം ഉള്ളവരുടെ അമ്മയായി മാതാ അമൃതാനന്ദമയിയെ വിശ്വാസ സമൂഹത്തിനു സമ്മാനിച്ച ദമയന്തിയമ്മയുടെ വിയോഗം നാടിന് തീരാ വേദനയും വിശ്വാസികൾക്കെല്ലാം ഇടനെഞ്ചിൽ നൊമ്പരവുമായി. ലോകത്തിന്റെ അമ്മയെ നൽകാനുള്ള പുണ്യം ചെയ്ത ദമയന്തി അമ്മയുടെ വേർപാട് ഏവർക്കും നൊമ്പരം തന്നെയാണ്. കരുനാഗപ്പള്ളി ഭണ്ഡാരത്ത് തുറയിൽ കിണറ്റിൻമൂട്ടിൽ തറവാട്ടിൽ പുണ്യന്റെയും കറുത്തകുഞ്ഞിന്റെയും മകളായി പിറന്ന ദമയന്തി പിന്നീട് സുഗുണാനന്ദന്റെ ഭാര്യയായി സുധാമണി എന്ന കറുത്ത മുത്തിന് ജന്മം നൽകുകയായിരുന്നു.

ലാളിച്ചും അതിലുപരി സ്നേഹം നൽകിയും ലോക സ്നേഹത്തിന്റെ സ്നേഹ ചാർത്താണ് ദമയന്തിയമ്മയിൽ നിന്നും മാതാ അമൃതാനന്ദമയിയിലേക്ക് പകർന്നു കിട്ടുന്നത്. നേർവഴി കാട്ടി, അറിവും, ഈശ്വര വിശ്വാസവും ഏവരോടും കാട്ടേണ്ട സ്നേഹത്തിന്റെ പൊരുളുമൊക്കെ ദമയന്തിയമ്മയുടെ ഹൃദയത്തിൽ നിന്ന് പകുത്ത് നൽകിയതായിരുന്നു. എല്ലാവർക്കും സ്നേഹം പകർന്നു നൽകാനുള്ള മനസ്സിനുടമ യാക്കി സുധാമണിയുടെ മനസിനെ പാകപ്പെടുത്തുന്നതും ദമയന്തിയമ്മയാണ്.

ഒരു അമ്മയുടെ സ്നേഹമെന്തെന്നു അമൃതാനന്ദമയിയിലൂടെ ലോകത്തെ ആകെ അറിയിക്കാനും സാക്ഷ്യപ്പെടുത്താനും കഴിഞ്ഞ പുണ്ണ്യമാണ്‌ ദമയന്തിയമ്മയിലൂടെ യാഥാർഥ്യമായിരിക്കുന്നത്. മക്കളെ ലോകോപകാരികളായി വളർത്താനുള്ള കടമ അമ്മമാർക്കുള്ളതാണെന്നതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ദമയന്തിയമ്മ നിർവഹിച്ചിരിക്കുന്നത്. അമ്മയെ ഉദാഹരണമായി പറഞ്ഞായിരുന്നു പലപ്പോഴും അമ്മയുടെ സ്നേഹത്തെ പറ്റി ആശ്രമവാസികളോട് മാതാ അമൃതാനന്ദമയി പറയാറുള്ളത്. നന്നേ ചെറുപ്പത്തിലെ തന്നെ കടുത്ത ഈശ്വര ഭക്തയായിരുന്നു ദമയന്തിയമ്മ എന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. സത്യം വിട്ടു ചിന്തിക്കാത്ത മനസിനും കഷ്ടപ്പെടുന്നവരെ കയ്യയച്ചു സഹായിക്കുന്ന ഹൃദയത്തിനും ഉടമയായിരുന്നു.

സ്വന്തം മക്കളുടെ നന്മക്ക് വേണ്ടി എല്ലാ വ്രതങ്ങളും അനുഷ്ഠിച്ചിരുന്ന ഒരമ്മ. പിന്നീട് മരണം വരെ മറ്റുള്ളവരെപ്പോലെ മാതാ അമൃതാനന്ദമയിയെ നമസ്കരിക്കുകയും ആരാധിക്കുകയും ചെയ്തു വരുകയായിരുന്നു. മക്കളാണ് തന്റെ ഈശ്വരന്മാരെന്നു മാതാ അമൃതാനന്ദമയി ഇപ്പോഴും പറയും. എന്നാൽ എല്ലാവരോടും ബഹുമാനം കാട്ടാൻ തനിക്കു ജീവിച്ചു കാണിച്ചു തന്നത് ദമയന്തിയമ്മയാണെന്നു മാതാ അമൃതാനന്ദമയി കുട്ടിക്കാലത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആശ്രമത്തിലെ ധ്യാനങ്ങൾക്കിടയിലും, അന്തേവാസികളുടെ ശിക്ഷണ വേളകളിലും ദമയന്തിയമ്മ തനിക്ക് എങ്ങനെയെല്ലാം മാർഗദർശനം നൽകിയിരുന്നുവെന്നു മാതാഅമൃതാനന്ദമയി പലപ്പോഴും ഓർമ്മിച്ച് പറയാറുണ്ടായിരുന്നു.