‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു മോശം സിനിമയാണ്; വൈറലാകുന്ന കുറിപ്പ്

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ വ്യത്യസ്ഥമാവുകയാണ്. പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മഹത്തായ എന്തോ ഒന്നു സംഭവിക്കുന്ന തോന്നലുള്ള ഓണ്‍ലൈനിലെ മലയാളികള്‍ക്ക് നല്ലൊരു വിരുന്നാണ് ഈ സിനിമയെന്ന് കുറിപ്പില്‍ പറയുന്നു. വിഷ്ണു രവി എന്ന വ്യക്തിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

മലയാളത്തില്‍ സജീവമാകുന്ന പൊളിറ്റിക്കല്‍ കറക്ട്‌നസ് സാരോപദേശ യുട്യൂബ് ചാനലുകളുടെ പ്രധാന വിഭവങ്ങളില്‍ ഒന്ന് ദളിതരും ആദിവാസികളുമാണ്. കരിക്കിലെ ജെന്‍ഡര്‍ റോള്‍ റിവേഴ്‌സ് ചെയ്തതും തിരുകി കയറ്റിയ ‘വനവാസി’ പ്രയോഗവും ഹിറ്റായത് ശ്രദ്ധിക്കുക. അമച്വര്‍ നാടകം എഴുതാന്‍ ബുദ്ധിമുട്ടുന്ന ആരോ എഴുതിയതു പോലെയുള്ള മനോഹരമായ തിരക്കഥയാണ് സിനിമയുടേത്. ഓരോ പ്രത്യേക സന്ദേശങ്ങള്‍ നല്‍കാനായി ഓരോ കഥാപാത്രങ്ങള്‍. നിമിഷയുടെ ഡയലോഗുകളും സമാനമാണ്. അടുക്കളയുമായി ബന്ധപ്പെട്ടു കഥ പറയേണ്ടത് വലിയൊരു ബാധ്യതയാണ്. എന്തുകൊണ്ടെന്നാല്‍ യാതൊരു തുടര്‍ച്ചയുമില്ലാതെ ഓരോരോ കഥാപാത്രങ്ങള്‍ വന്നു പോകുന്നുണ്ട്. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു മോശം സിനിമയാണ്. TGIK ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം അടുക്കളയില്‍ അരങ്ങേറുന്ന വയലന്‍സിനെ മലയാളി പുരുഷന് പരിചയപെടുത്തിയതാണ്. പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മഹത്തായ എന്തോ ഒന്നു സംഭവിക്കുന്ന തോന്നലുള്ള ഓണ്‍ലൈനിലെ മലയാളികള്‍ക്ക് നല്ലൊരു വിരുന്നാണ് ഈ സിനിമ. മലയാളത്തില്‍ സജീവമാകുന്ന പൊളിറ്റിക്കല്‍ കറക്ട്‌നസ് സാരോപദേശ യുട്യൂബ് ചാനലുകളുടെ പ്രധാന വിഭവങ്ങളില്‍ ഒന്ന് ദളിതരും ആദിവാസികളുമാണ്. കരിക്കിലെ ജെന്‍ഡര്‍ റോള്‍ റിവേഴ്‌സ് ചെയ്തതും തിരുകി കയറ്റിയ ‘വനവാസി’ പ്രയോഗവും ഹിറ്റായത് ശ്രദ്ധിക്കുക. സുധ കൊങ്ങര , ജീവചരിത്ര ചലച്ചിത്രത്തില്‍ നായകന്റെ ജാതി മാറ്റി എഴുതുന്നു. ദളിത് ആഖ്യാനങ്ങള്‍ ഉണ്ടാവുന്നതിനു പകരമായി ഒരു മുദ്രാവാക്യമായോ ജാതി തിരിച്ചിടലായോ ‘പൊതുസമൂഹ’ത്തോടുള്ള ജാതി വിവേചനം പാടില്ലെന്ന ഉപദേശമായോ അതു മാറുന്നു. ‘പൊതുവായ’ ചര്‍ച്ചകള്‍ക്കു അനുയോജ്യമായ പശ്ചാത്തലത്തിലാണ് ‘ഭാരതീയ അടുക്കള’യും അരങ്ങേറുന്നത്.

നായര്‍ പ്രണയങ്ങള്‍, നായര്‍ പ്രതികാരങ്ങള്‍, നായര്‍ കുടുംബ നാടകങ്ങള്‍ ഒക്കെയാണ് മലയാള ചലച്ചിത്രങ്ങളില്‍ വലിയ പങ്കും. അവയെല്ലാം പൊതു സ്വത്തായി വാഴ്ത്തിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തീര്‍ത്തും പൊതുവായി ഒരു വിഷയം ചര്‍ച്ച ചെയ്യാനുള്ള ജാതി പശ്ചാത്തലം വ്യക്തമാണ്. അമച്വര്‍ നാടകം എഴുതാന്‍ ബുദ്ധിമുട്ടുന്ന ആരോ എഴുതിയതു പോലെയുള്ള മനോഹരമായ തിരക്കഥയാണ് സിനിമയുടേത്. ഓരോ പ്രത്യേക സന്ദേശങ്ങള്‍ നല്‍കാനായി ഓരോ കഥാപാത്രങ്ങള്‍. നിമിഷയുടെ ഡയലോഗുകളും സമാനമാണ്. അടുക്കളയുമായി ബന്ധപ്പെട്ടു കഥ പറയേണ്ടത് വലിയൊരു ബാധ്യതയാണ്. എന്തുകൊണ്ടെന്നാല്‍ യാതൊരു തുടര്‍ച്ചയുമില്ലാതെ ഓരോരോ കഥാപാത്രങ്ങള്‍ വന്നു പോകുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതോ അല്ലെങ്കില്‍ മുഴച്ചു നില്‍ക്കുന്നതുമായ കഥാപാത്രം ദളിത് വേലക്കാരിയുടേതാണ്.

പൊതു അടുക്കളയുടെ ഭാഗമായി ഒരു ദളിത് സ്ത്രീ. അതും പോരാതെ പാളുവ ഭാഷയിലെ ഗാനം, ടൈറ്റില്‍ സോംഗ് ആവുന്നു. മൃദുലദേവി എഴുതിയ ഗാനം മനോഹരമാകുമ്പോഴും സിനിമയിലെ അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഈയൊരു സാഹചര്യത്തില്‍, പാളുവ ഭാഷയെ, ദളിത് സ്വത്വത്തെ ഒരു പ്രൊപര്‍ട്ടിയായി ഉപയോഗിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. മലയാള സിനിമ ഈയിടെയായി ആവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. കമ്മട്ടിപ്പാടത്തിലും അയ്യപ്പനും കോശിയിലും ദളിത് ആദിവാസി സ്വത്വത്തെ മുഖ്യധാരയ്ക്കു വേണ്ടി സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ ഗംഗ, സഹതാപം അര്‍ഹിക്കുന്നൊരു പാത്രസൃഷ്ടിയാണ്. ബൈക്ക് ഓടിക്കാന്‍ അറിയാത്ത, ആരാലും പ്രേമിക്കപ്പെടാത്ത, മര്യാദയായില്ലാത്ത ഒരുവന്‍, അയാളുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാന്‍ പോലും ‘ദുല്‍ഖര്‍ സല്‍മാന്‍’ വേണം.

അയ്യപ്പനും കോശിയിലും ആണത്ത പോരാട്ടത്തിലെ പ്രൊപര്‍ട്ടിയാണ് ദളിത്ആദിവാസി സ്വത്വം. ഠഏകഗ സമാനമായ രീതിയിലാണ് ദളിത് സ്വത്വത്തെ ഉപയോഗിക്കുന്നത്. പൊതു ചര്‍ച്ചയുടെ തുടക്കം പാളുവ ഭാഷയിലെ പാട്ടില്‍ ആണെങ്കിലും അവസാനം ‘പൊതുവായ’ , ഒരു മലയാളം ഗാനത്തിലാണ്. (അത്രയും കടുപ്പമുള്ള മലയാളം മനസിലാക്കാന്‍ ശേഷിയില്ലാത്തതു കൊണ്ടാവാം ഇടയ്ക്ക് സംസ്‌കൃതം പോലെ തോന്നുന്നത്). പൊതു ചര്‍ച്ചകള്‍ ഇനിയും നടക്കട്ടെ, പക്ഷേ ഈ നായര്‍, സോറി, പൊതു പ്രേമ, പ്രണയ, പ്രതികാര, നവോത്ഥാന കഥകള്‍ക്കു ശേഷം പൊതുവല്ലാത്ത കഥകള്‍ക്കു സമയം ഉണ്ടാകുമോ?!!! Fredom at midnightഉം the great indian kitchen ഉം കാണുമ്പോള്‍ പൊതു ചര്‍ച്ചകള്‍ ഉണ്ടാകുന്നു എങ്കില്‍ നല്ലതു തന്നെ, പക്ഷേ ഭാരതീയ അടുക്കളയുടെ അപ്പുറത്ത് പൊതു അല്ലാത്ത കഥകളും ചര്‍ച്ചകളും ഉണ്ടാവേണ്ടതുണ്ട്.