കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ധൂർത്ത് തുടരുക തന്നെയാണ് പിണറായി സർക്കാർ.

തിരുവനന്തപുരം. ഒരുവശത്ത് സാമ്പത്തിക ഞെരുക്കത്തിലാണെന്നു അലമുറയിടുന്നതിനിടെയും മറുവശത്ത് ധൂർത്ത് തുടരുക തന്നെയാണ് പിണറായി സർക്കാർ. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കും ചീഫ് വിപ്പ് എൻ ജയരാജിനുമാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.

ഇന്നോവ ക്രിസ്റ്റ കാറുകളാണ് മന്ത്രിമാർക്കും ചീഫ് വിപ്പിനും വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ കാറുകൾ വാങ്ങാൻ തുക അനുവദിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നതാണ്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഒരു ശതമാനമെങ്കിലും കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണമെന്നായിരുന്നു ബാലഗോപാൽ കേന്ദ്ര സർക്കാരിനോട് നടത്തിയ അഭ്യർത്ഥന.