പോപ്പുലർ ഫ്രണ്ട് നടത്തിയത് സർക്കാർ സ്‌പോൺസർ ഹർത്താൽ – കെ സുരേന്ദ്രൻ

കൊച്ചി. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയത് സർക്കാർ സ്‌പോൺസർ ഹർത്താലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാറിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടെയാണ് സംസ്ഥാന വ്യാപകമായി അക്രമങ്ങൾ അരങ്ങേറിയത്. സർക്കാർ സ്‌പോൺസർ ഹർത്താലായിരുന്നു ഇത്. പോലീസ് തികഞ്ഞ നിഷ്‌ക്രിയത്വം കാണിച്ചു. കുറ്റകരമായ അലംഭാവമാണ് കാട്ടിയത്. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് പോപ്പുലർ ഫ്രണ്ടുകാർ നടത്തിയത് – സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആംബുലൻസ് പോലും ആക്രമിക്കപ്പെട്ടു, പോലീസിനെ വണ്ടിയിടിപ്പിച്ചു, ബസുകൾ കല്ലെറിഞ്ഞ് തകർത്തു, ഇതിനെല്ലാം പിന്നിൽ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ നടന്നപ്പോൾ പോലീസ് കയ്യും കെട്ടി നോക്കിനിൽക്കുകയായിരുന്നു.

അതേസമയം, പൊലീസിന്റെ വാക്ക് വിശ്വസിച്ച് ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ കെ എസ് ആർ ടി സിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട് പുറത്ത് വന്നു. സംസ്ഥാനത്ത് എഴുപതുബസുകൾ തകർക്കപ്പെട്ടു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അരക്കോടിയോളം രൂപയുടെ നാശനഷ്ടം ഇതുമൂലം ഉണ്ടായി എന്നാണ് കണക്കാക്കുന്നത്.

30 ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു രാവിലെ പറഞ്ഞിരുന്നത്. അമ്പതോളം ബസുകൾ മാത്രമാണ് അപ്പോൾ തകർക്കപ്പെട്ടിരുന്നത്. പിന്നീടാണ് ആക്രമിക്കപ്പെട്ട ബസുകളുടെ എണ്ണം വർധിച്ചത്. അതോടെ നഷ്ടവും കുത്തനെ കൂടി. നിരവധി ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. കെ എസ് ആർ ടി ബസുകളെ തിരഞ്ഞുപിടിച്ച് ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നെത്തിയവർ മിന്നൽ വേഗത്തിൽ ആക്രമണം നടത്തുകയുണ്ടായി.

ബസുകൾ തകർക്കപ്പെട്ടതിലൂടെ അരക്കോടിയോളം നഷ്ടം ഉണ്ടായി. സർവീസ് നടത്താൻ കഴിയാത്തതുമൂലമുണ്ടായ നഷ്ടം ഇതിലുമേറെയാണ്. വരുമാനം കൂട്ടി എങ്ങനെയും ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകാൻ പാടുപെടുന്നതിനിടെയാണ് കൂനിന്മേൽ കുരു എന്ന പോലെ ഹർത്താൽ ഉണ്ടായത്. തകർക്കപ്പെട്ട ബസുകൾ നന്നാക്കി സർവീസ് നടത്താൻ ദിവസങ്ങളെടുക്കും. ആ ഇനത്തിൽ ഉണ്ടാകുന്ന നഷ്ടം വേറെയാണ്. പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കെ എസ് ആർ ടി സിക്കുണ്ടായ നഷ്ടം നികത്താൻ ആവശ്യമായ നിമയനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.