കെ റയിൽ ഡി.പി.ആർ പുറത്ത് വന്നതെങ്ങനെ? അൻവർ സാദത്തിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ സർക്കാരിനെ വെട്ടിലാക്കിക്കൊണ്ട് രഹസ്യരേഖ പുറത്തു വന്നതിങ്ങനെ

കെ റയിൽ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളുണ്ടെന്ന് വാദിച്ചിരുന്ന സർക്കാരിനെ അതിവിദഗ്ധമായി കബളിപ്പിച്ചു അൻവർ സാദത്ത് എം.എൽ എ ഡിപിആർ പുറത്ത് കൊണ്ട് വന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ കൂടി എംഡി പറഞ്ഞത് ഡിപിആർ രഹസ്യ രേഖയാണെന്നും കൊമേഴ്സ്യൽ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെൻഡർ ആകാതെ ഇത് പുറത്തു വിടാൻ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി ഇന്നലയും പറഞ്ഞിരുന്നു. എന്നാൽ അൻവർ സാദത്ത് എം.എൽ എയുടെ ബുദ്ടിപരമായ നീക്കത്തിന് മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടി വന്നു.

27.10.21 ന് അൻവർ സാദത്ത് എം.എൽ എ മുഖ്യമന്ത്രി പിണറായി വിജയനോട് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 3810 പ്രകാരം, കെ റയിൽ ഡി പി ആർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. ഇതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി കെ റയിൽ ഡി പി ആർ സി.ഡി.യിൽ ഉള്ളടക്കം ചെയ്ത് നൽകുന്നു എന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

എന്നാൽ സി.ഡി ലഭിക്കാത്തതിനെ തുടർന്ന് ഡിപിആർ നൽകിയെന്ന തെറ്റായ മറുപടി നൽകിയതിൽ അൻവർ സാദത്ത് എംഎൽഎ 13-1-22 ന് സ്പീക്കർക്ക് പരാതി നൽകി. നീയമസഭയിൽ സി.ഡി. ലഭ്യമാക്കത്തതിനെ തുടർന്ന് നീയമസഭ സെക്രട്ടേറിയേറ്റ് 14-1-22 ന് സർക്കാരിനെ ബന്ധപ്പെട്ടു.

തുടർന്ന് ഇന്ന് രാവിലെ സർക്കാർ കേന്ദ്രങ്ങൾ നിയമസഭ സെക്രട്ടേറിയേറ്റിനെ കെ റയിൽ ഡി പി ആർ അടങ്ങിയ സി.ഡി. ഏൽപിച്ചു. തുടർന്ന് നിയമസഭ വെബ് സൈറ്റിൽ ഇത് അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിന് താഴെ അനുബന്ധമായി അപ് ലോഡ് ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയ അൻവർ സാദത്ത് കെ റയിൽ ഡി.പി ആർ സി.ഡി. ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതോടെ മുഖ്യമന്ത്രി വെട്ടിലാവുകയായിരുന്നു. നിയമസഭയിൽ 27-10-21 ന് പിണറായി നൽകിയ മറുപടിയിലൂടെ കെ റയിൽ ഡി പി ആർ പബ്ളിക്ക് ഡോക്യുമെന്റായി മാറി. അൻവർ സാദത്തിന്റെ കത്ത് ലഭിച്ചതോടെ സി.ഡി. എം.എൽ.എ ക്ക് കൊടുക്കാൻ സ്പീക്കർ സർക്കാരിനോടാവശ്യപ്പെട്ടു.

നിയമസഭ മറുപടിയിൽ സി.ഡി കൊടുത്തു എന്ന മറുപടി പറഞ്ഞ സ്ഥിതിക്ക് അതിൽ നിന്ന് പിൻമാറാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ കഴിയില്ല. കെ റയിൽ ഡി പി ആർ പുറത്ത് വിടില്ല എന്ന പിണറായിയുടെ ശാഠ്യം അവസാനിപ്പിക്കാൻ അൻവർ സാദത്തിനായി .