കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന 6.5 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചു; തലയില്‍ തോക്കുചൂണ്ടി അമ്മയുടെ ഫ് ളാറ്റ് സ്വന്തമാക്കി

തൊടുപുഴ: ആഢംബര ജീവതവും ധൂര്‍ത്തും പതിവാക്കിയിരുന്ന അരുണ്‍ ആനന്ദിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ അമ്മയുടെ വെളിപ്പെടുത്തല്‍.

ഹൃദയാഘാതത്താല്‍ മരിച്ച ആദ്യ ഭര്‍ത്താവ് ബിജുവിന്റെ വീട്ടുകാര്‍ തിരുവനന്തപുരം മുട്ടടയിലെ ബാങ്കില്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിച്ച 6.5 ലക്ഷം രൂപ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചതായാണ് കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഇളയ കുട്ടിയുടെ പേരിലുള്ള 3.25 ലക്ഷം രൂപ അരുണിന്റെ ഭീഷണിയെ തുടര്‍ന്നു പിന്‍വലിച്ചു. മൂത്ത കുട്ടിയുടെ പേരിലുള്ള തുക പിന്‍വലിക്കാനും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു. ഇതിനിടെ യുവതിക്ക് അടുത്ത സുഹൃത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ അരുണ്‍ ആനന്ദ് ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് ഇവരുടെ ബിടെക് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാതായി. ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, യുവതിയുടെ എസ്എസ്എല്‍സി, ബിടെക്, വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഫയലിലാക്കി കവറിലാണ് വച്ചിരുന്നത്. ഈ ഫയലാണ് കാണാതായതെന്നും ഇതിന് പിന്നില്‍ അരുണാണെന്നും യുവതി പറഞ്ഞു.

സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ് ളാറ്റ് അരുണ്‍ ആനന്ദ് സ്വന്തം പേരില്‍ എഴുതി വാങ്ങിയതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ബാങ്ക് ജോലി ഉപേക്ഷിച്ച ശേഷം റിയല്‍ എസ്റ്റേറ്റ് കച്ചവടം, വേളി കായലില്‍ നിന്നുള്ള മണല്‍ മറിച്ചുവില്‍പന എന്നിവയാണ് അരുണ്‍ ആനന്ദ് നടത്തിയിരുന്നത്. ബീയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസില്‍ 35 ദിവസത്തോളം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.