തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട

തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട തുടരുന്നു. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെ വീട് പ്രീത ഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്.

ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം, സമീപകാലത്ത് നഗരത്തിൽ പിടികൂടിയ കഞ്ചാവ് കേസ്സുകളിലെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നിരന്തരമായി നടത്തി വന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.