ചക്രവാത ചുഴിയും ന്യൂനമര്‍ദവും: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

അറബിക്കടലില്‍ ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലെര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് ദുരന്ത നിവാരണ വകുപ്പ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സംസ്ഥാനത്ത് മണ്ണിടിച്ചില്‍, പ്രളയ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാനും അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.