പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം, സലിം കുമാറിനെ അനുകരിച്ച് രസകരമായ വീഡിയോയുമായി ടോവിനോ തോമസ്

സോഷ്യൽ മീഡിയയിലൂടെ പലതരം രസകരമായ വിഡിയോകളും പങ്കുവെക്കാറുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പതിവു പോലെ ഒരു വെറൈറ്റി വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോവിനോ.

കോക്ക്പിറ്റിലിരിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണുന്നത്. സി ഐ ഡി മൂസ എന്ന ചിത്രത്തിൽ സലീം കുമാറിന്റെ ഡയലോഗാണ് കോക്ക്പിറ്റിലിരിക്കുന്ന ടോവിനോ പറയുന്നത്. ‘ആലുവയിൽ സ്റ്റോപ്പില്ല, ഇടപ്പള്ളിയിലെ സ്റ്റോപ്പുള്ളൂ, ഇറങ്ങേണ്ടവർ നോക്കി ഇറങ്ങണം’ എന്നാണ് താരം പറയുന്നത്. ഏറെ ശ്രദ്ധ നേടിയ ആ ഡയലോഗ് അനുകരിച്ചിരിക്കുകയാണ് താരം.

ഇതു ചെയ്യാതിരിക്കാനായില്ല, ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം എന്നാണ് അടികുറിപ്പായി ടൊവിനോ കുറിച്ചിട്ടുള്ളത്. ഈ അടുത്ത് ഇനി stop ഇല്ലട്ടാ… ബാക്കി വല്ലതും ഉണ്ടാകുവാണേൽ ആലുവയിൽ ഇറക്കാം, വണ്ടി പോകല്ല ആൾ കേറാനുണ്ട് പോട്ടെ റൈറ്റ് തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുകയാണ്.

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസർ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയിരുന്നു. ജിതിൻ ലാൽ ആണ് സംവിധായകൻ. മലയാളത്തിൽ നിന്ന് പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്തത്. അതുപോലെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ ടീസർ പ്രമുഖ നടന്മാർ റിലീസ് ചെയ്യുകയുണ്ടായി. ഹിന്ദിയിൽ നിന്ന് ഹൃതിക്ക് റോഷനും തെലുങ്കിൽ നിന്ന് നാനിയുമെത്തിയപ്പോൾ കന്നഡയിൽ നിന്ന് രക്ഷിത് ഷെട്ടിയാണ് റിലീസ് ചെയ്തത്. തമിഴിൽ നിന്ന് നടൻ ആര്യയും സംവിധായകൻ ലോകേഷുമാണ് റിലീസ് നിർവഹിച്ചത്.