മകന് ഒരു വയസ്സ്, മകനൊപ്പമുള്ള സുന്ദരനിമിഷങ്ങളുമായി ടൊവിനോ തോമസ്

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു തഹാൻ ജനിച്ചത്. മകന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ മകനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

മകൻ തഹാനോടൊപ്പം ചിലവഴിച്ച ചില മനോഹരമായ നിമിഷണങ്ങളാണ് ചിത്രങ്ങളിൽ. ‘എന്റെ കുഞ്ഞു മകന് ഇന്ന് ഒരു വയസ്സു തികയുന്നു ‘ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പം സൈക്കിൾ ചവിട്ടുന്നതും, വീടിന്റെ മുറ്റത് കിടക്കുന്നതും മറ്റുമാണ് ചിത്രങ്ങളിൽ. ടൊവിനോ ആരാധകർ എല്ലാം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി എത്തുന്നത്.

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും ദുൽഖർ സൽമാന്റെ എബിസിഡി എന്ന സിനിമയിലെ വില്ലൻ വേഷമായിരുന്നു ടൊവിനോയെ ശ്രദ്ധേയനാക്കിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു ടൊവിനോ എത്തിയത്.സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു.