ജനങ്ങളെ കബളിപ്പിക്കുന്നത് മറയ്ക്കാനുള്ള സർക്കാരിന്റെ അശ്ലീലനാടകമാണ് നവകേരള സദസ്സ്, വിഡി സതീശൻ

കോട്ടയം. കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളേയും ഭീഷണിപ്പെടുത്തി നവകേരളാ സദസ്സിനെത്തിക്കുന്നു. ജനങ്ങൾക്ക് മോഹന വാ​ഗ്ദാനങ്ങൾ നല്കി കബളിപ്പിക്കുന്നു. അത് മറയ്ക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന അശ്ലീല നാടകമാണ് ജനങ്ങളുടെ ചെലവിൽ നടക്കുന്ന നവകേരളാ സദസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് വകുപ്പ് എടുത്താലും ദാരിദ്ര്യത്തിന്റെ കഥയാണ് പറയാനുള്ളത്. എന്നിട്ടാണ് ഈ കെട്ടുകാഴ്ചയെന്നും വി.ഡി. സതീശൻ പറഞ്ഞു.

‘നവകേരള സദസിന് ഉദ്യോഗസ്ഥരെ മുഴുവനും ആളെക്കൂട്ടാൻ വിട്ടിരിക്കുകയാണ്. എല്ലാവരേയും എത്തിക്കണമെന്ന് കുടുംബശ്രീക്കാർക്ക് ഭീഷണി, തൊഴിലുറപ്പു പദ്ധതിക്കാർക്ക് ഭീഷണി, ഉദ്യോഗസ്ഥർക്ക് ഭീഷണി, പോലീസുകാർക്ക് ഭീഷണി. അല്ലാതെ ജനങ്ങളാരും വരില്ല. ഭയപ്പെടുത്തി കൊണ്ടുവരുന്ന ആളുകളല്ലാതെ ഈ കെട്ടുകാഴ്ച കാണാൻ ആരും വരില്ല. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം മുഴുവൻ നടത്തുന്നത്. നവകേരളസദസ്സുകൊണ്ട് ആർക്കാണ് പ്രയോജനമുള്ളത്.

സർക്കാരിനെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഡിസംബർ രണ്ടുമുതൽ 22 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ പരാജയത്തേയും കെടുകാര്യസ്ഥതയേയും അഴിമതിയേയും ജനങ്ങളുടെ മുമ്പിൽ വിചാരണ ചെയ്യുന്ന സദസ്സുകളായിരിക്കും ഇതെന്നും കൂട്ടിച്ചേർത്തു.