മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാല്‍ പോരെയെന്ന് വി. മുരളീധരന്‍

കേന്ദ്രമന്ത്രിമാരെ നിയമസഭയില്‍ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ പിഡബ്ല്യൂഡി റോഡുകളിലെ കുഴികള്‍ എണ്ണിനോക്കിയതിന് ശേഷം ദേശീയപാതയിലെ കുഴികള്‍ നോക്കിയാല്‍ പോരെയെന്ന് വി മുളീധരന്‍. മന്ത്രി വിമാനം ഉപേക്ഷിച്ച് റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റോഡുള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി ഈ മന്ത്രിയോടാണ് ചോദിത്തത്. ആ മന്ത്രിയാണ് ദേശീയ പാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി എസ് ജയശങ്കറുടെ തിരുവനന്തപുരം സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. താന്‍ വാര്‍ത്തസമ്മേളനങ്ങള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. ആദ്ദേഹത്തിന്റെ വീട്ടിലുള്ള വ്യക്തി നടത്തിയ വാര്‍ത്താ സമ്മേളനത്തെക്കാള്‍ കുഴികള്‍ ദേശീയ പാതയിലില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

നിയമസഭയിലാണ് ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് സംസാരിച്ചിരുന്നു.കേരളത്തില്‍ ജനിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെക്കാള്‍ കുഴി ദേശീയപാതയില്‍ ഉണ്ട്. വിഷയം ശ്രദ്ധയില്‍പെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് ആയിരുന്നു റിയാസിന്റെ വാക്കുകള്‍. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെയും റിയാസ് വിമര്‍ശിച്ചിരുന്നു.