അഞ്ജുവിന്റെ മരണം: കോളേജിന് വീഴ്ച, പ്രിന്‍സിപ്പലിനെതിരെ നടപടി, സിസിടിവി ദൃശ്യം പുറത്തുവിട്ടത് തെറ്റെന്നും വിസി

അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരെ സര്‍വകലാശാല നടപടിയെടുത്തു. ഇദ്ദേഹത്തെ പരീക്ഷാ ചുമതലയില്‍ നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍ നിന്നും മാറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

അഞ്ജു പരീക്ഷാ ഹാളില്‍ 32 മിനിറ്റ് അധിക സമയം ഇരിക്കേണ്ടി വന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. കോളേജിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചു. സംഭവത്തിന് ശേഷം പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കുട്ടിയെ എത്തിച്ച്‌ കാര്യങ്ങള്‍ വിശദീകരിക്കാമായിരുന്നു.

കോളേജ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തെറ്റാണ്. ഇത് പുറത്തുവിടുന്നതിന് മുന്‍പ് സര്‍വകലാശാലയുടെ അനുമതി തേടേണ്ടതായിരുന്നു, അതുണ്ടായില്ല. സര്‍വകലാശാല ചട്ടങ്ങള്‍ കോളേജ് ലംഘിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വീണ്ടും നടത്തും. സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തും എല്ലാ കോളേജുകളിലും കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും വിസി സാബു തോമസ് പറഞ്ഞു