കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗത്തിന് തടയിട്ട് വിസി

തിരുവനന്തപുരം : കേരള സര‍വകലാശാല ആസ്ഥാനത്ത് ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രസംഗം തടഞ്ഞ് വൈസ് ചാൻസിലർ. മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പ്രസംഗം തടഞ്ഞത്. ഇടതു സംഘടനയുടെ നേതൃത്വത്തിൽ ‘ജനാധിപത്യം, വെല്ലുവിളികളും കടമകളും ’ എന്ന വിഷയത്തിലാണ് പ്രസംഗം നടത്താനിരുന്നത്.

അതേസമയം, വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി.

ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് കേസ്. സംഭവത്തിൽ എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ശൈലജയുടെ പരാതി. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞ വഴിയിൽ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.