കോഴയാരോപണം; എം കെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം: കോഴയാരോപണത്തില്‍ കോഴിക്കോട് എംപി എം കെ രാഘവനെതിരെ വിജിലന്‍സ് കേസെടുത്തു. ചാനല്‍ ഒളിക്യാമറ ഓപ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഹോട്ടലിന് അനുമതി ലഭിക്കുന്നത് വേണ്ടി അഞ്ചുകോടി ആവശ്യപ്പെട്ടുവെന്നാണ് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടിരുന്നു.

തെരഞ്ഞെടുപ്പ് കാലമാണെന്നും, പല തരത്തിലുള്ള ചെലവുണ്ടെന്നും എം കെ രാഘവന്‍പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. സിറ്റിംഗ് എംപിയായ എം കെ രാഘവനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ലോക്‌സഭാ സ്പീക്കറിന്റെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് സര്‍ക്കാര്‍ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാടായിരുന്നു എംകെ രാഘവന്. എന്നാല്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ 2014ല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 20 കോടി ചെലവഴിച്ചെന്ന് എംപി വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ തുടര്‍ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.