അമിത വ്യായാമവും അൽപാഹാരവും, ഭാരം കുറയ്‌ക്കാനുള്ള ശ്രമം 21-കാരിയുടെ ജീവനെടുത്തു

ബീജിംഗ് : ഭാരം കുറയ്ക്കുന്നതിനായി അമിത വ്യായാമം ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. 21-കാരിയായ ചൈനീസ് ഇൻഫ്‌ളുവൻസർ കുയുവയാണ് മരണപ്പെട്ടത്. ഷാങ്ക്‌സി പ്രവിശ്യയിലെ ഷിയാനിൽ ശരീരഭാരം കുറയ്‌ക്കുന്നതിനായി പ്രവർത്തിക്കുന്ന വെയ്റ്റ് ലോസ് ക്യാമ്പിലായിരുന്നു കുയുവ. ടിക് ടോകിന് സമാനമായ ചൈനീസ് സമൂഹമാദ്ധ്യമമായ ദൗയിൻ പേജിൽ ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള വ്യായമ മുറകളും മറ്റും പോസ്റ്റ് ചെയ്തിരുന്നു.

വ്യായാമത്തിന് പിന്നാലെയുണ്ടായ ശരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. വെയ്റ്റ് ലോസ് ക്യാമ്പിൽ ചേർന്നതിന് പിന്നാലെ ഫിറ്റ്‌നസിൽ മാത്രമായിരുന്നു കുയുവയുടെ ശ്രദ്ധ. അൽപ്പാഹാരവും അമിതമായ വ്യായാമവും യുവതയുടെ ആരോഗ്യനില വഷളാക്കി. ആറ് മാസം കൊണ്ട് 36 കിലോഗ്രാം കുറഞ്ഞതായി കുയുവ അവകാശപ്പെട്ടിരുന്നു.

90 കിലോഗ്രാം ഭാരം കുറയ്‌ക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ വീഡിയോയിൽ പറയുമായിരുന്നു. ഇവരുടെ മരണവിവരവും പേജിൽ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ‘കുയുവയ്‌ക്ക് നൽകി പിന്തുണയ്‌ക്കും സ്നേഹത്തിനും ഏവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞ് സ്വർഗത്തിലേക്ക് യാത്രയായിരിക്കുകയാണ്. ഞങ്ങളിപ്പോഴും അതിന്റെ ദുഃഖത്തിലാണ് തങ്ങളെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു.