എന്തിനാണ് റഹീമിനെ രക്ഷിക്കുന്നത്, തൂക്കുമരം വിധിക്കപ്പെട്ട റഹീമിനായി 35 കോടി പിരിച്ചതെന്തിന്, റഹീം ചെയ്ത തെറ്റ് എന്ത്

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ബ്ലഡ് മണിയായി 34 കോടി രൂപ സമാഹരിച്ച വാർത്ത ചർച്ചയാകുമ്പോൾ പൊതുജനം അറിയണം എന്തിനാണ് റഹീമിനെ രക്ഷിക്കുന്നതെന്ന്. നവാസ് പായ്ചിറയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. റഹീമിനെ രക്ഷിക്കുന്നതെന്തിന്, തൂക്കുമരം വിധിക്കപ്പെട്ട റഹീമിനായി 35 കോടി പിരിച്ചത് എന്തിന്..റഹീം ചെയ്ത തെറ്റ് പൊതുജനവും, പണം കൊടുത്തവരും അറിയണ്ടേയെന്ന് നവാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നു

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്തിനാണ് റഹീമിനെ രക്ഷിക്കുന്നത് ?
എന്തിനാണ് തൂക്കുമരം വിധിക്കപ്പെട്ട റഹീമിനായി 35 കോടി പിരിച്ചത്…..????
റഹീം ചെയ്ത തെറ്റ് പൊതുജനവും, പണം കൊടുത്തവരും അറിയണ്ടെ

2006 ഡിസംബറിലാണ് കേസിന് കാരണമായ സംഭവം നടന്നത്.
നാട്ടിൽ നിന്നും സൗദിയിലേക്ക് ഒത്തിരി സ്വപ്നങ്ങളുമായി അബ്ദുൽ റഹീം എത്തി. സൗദിയിലെ ഒരു വീട്ടിൽ ഡ്രൈവറായി പ്രവാസ ജീവിതം തുടങ്ങി. ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയ ആദ്യ മാസം തന്നെ റഹീമിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവമുണ്ടായി. വീട്ടിലെ സുഖമില്ലാത്ത ഇളയ കുട്ടിയായ അൽ ശഹരിയെ പുറത്ത് കൊണ്ട് പോവുകയും വരികയുമായിരുന്നു റഹീമിന്റെ പ്രധാന ജോലി. വില കൂടിയ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടി ജീവിതം നിലനിർത്തിയിരുന്നത്.
( ഞാൻ ചില ഡോക്ടർമാരോട് ചോദിച്ചതിൽ നിന്നും ഈ മെഡിക്കൽ ഉപകരണങ്ങൾ എന്നത് കഴുത്തിൽ ശ്വാസനാളത്തിലേക്ക് തുളയിട്ടിട്ടുള്ള ട്രക്കിയോസ്റ്റമി ട്യൂബും അതിൽ കണക്ട് ചെയ്തിട്ടുള്ള പോർട്ടബിൾ വെന്റിലേറ്റർ മെഷീനും ആയിരിക്കണം എന്നാണ്. നമ്മുടെ നാട്ടിലും പലരും ഇത് ഉപയോഗിക്കുന്നുണ്ട്)

അങ്ങനെ ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോൾ വളരെ വേഗതയിൽ ഓടിക്കാൻ കുട്ടി റഹീമിനെ നിർബന്ധിച്ചു. അത് ചെയ്യാത്തതിനാൽ റഹീമിനെ കുട്ടി പിന്നിൽ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. തലയിൽ അടിക്കുന്നതും തുപ്പുന്നതും തുടർന്നപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ച്‌ കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടയുകയും ചെറുതായി മുഖം തള്ളി മാറ്റുകയും ചെയ്തു.

അബ്ദുറഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി, അത് ഇളകിപ്പോയി. തുടർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് യാത്ര തുടർന്ന റഹീം അത്രയും സമയം ബഹളം വെച്ചുകൊണ്ടിരുന്ന അനസിൻ്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി തിരിഞ്ഞു നോക്കിയപ്പോഴാണ് കുട്ടി ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

റഹീം ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന് ഒരു കഥയുണ്ടാക്കി.
“പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥയുണ്ടാക്കി.
നസീർ, റഹീമിനെ ഡ്രൈവർ സീറ്റിൽ കെട്ടിയിട്ടു സൗദിപൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.”
പൊലീസെത്തി ആദ്യം റഹീമിനെ ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുത്തു.
കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി.

പോലീസ് അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ നുണയാണെന്ന് വ്യക്തമായി. അബദ്ധത്തിൽ പറ്റിയാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കണമായിരുന്നു. അതിനുപകരം പേടിച്ച് സ്വയം രക്ഷയ്ക്ക് വേണ്ടി കഥ മെനഞ്ഞത് റഹീമിന് ആകെ വിനയായി.
ഇത്തരം ഒരു സാഹചര്യത്തിലാണ് മനപ്പൂർവം ചെയ്ത കൊലപാതകമാണ് എന്ന് ആ കുടുംബത്തിനും കോടതിക്കും തോന്നാൻ കാരണം. അവരെയും കുറ്റം പറയാൻ കഴിയില്ല. സൗദിയിലെ നിയമം അനുസരിച്ച് കൊന്നയാളിന് മരണപ്പെട്ട ആളിന്റെ കുടുംബം മാപ്പ്
കൊടുത്തില്ലെങ്കിൽ തൂക്കുകയറോ തലയോ തന്നെയാണ് ശിക്ഷ…….
സൗദിയിൽ തന്നെ പലരെയും തല വെട്ടുന്നതിനും തൂക്കിക്കൊല്ലുന്നതിനും ഒന്നോ രണ്ടോ മൂന്നോ സെക്കൻഡുകൾക്ക് മുൻപ് കുടുംബം മാപ്പുകൊടുത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.