ജോലി തിരികെ കിട്ടാൻ മൃഗാശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സതിയമ്മ, അധികൃതർ തട്ടിത്തെറിപ്പിച്ചത് ഒരു കുടുംബത്തിന്റെ ഏക ആശ്രയത്തെ

പുതുപ്പള്ളി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാടിയെ അനുകൂലിച്ച് സംസാരിച്ചതിന് ജോലിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ മൃഗാശുപത്രി ജീവനക്കാരി പി.ഒ. സതിയമ്മ പുതുപ്പള്ളി വെറ്റിനറി സബ്‌സെന്ററിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമടക്കം ഇവര്‍ക്ക് പിന്തുണയുമായെത്തി. സതിയമ്മയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസും പ്രതിഷേധത്തിനൊപ്പം കൂടി.

മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ വൈരാഗ്യത്തിന്റേയും അസഹിഷ്ണുതയുടേയും പേരില്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. നാട് അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുന്നു. അവരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുടുംബത്തെ വഴിയാധാരമാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

സതിയമ്മയോട് കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറയുകയുണ്ടായി. പിരിച്ചുവിടുന്നത് അനധികൃതമാണ്. സമ്മര്‍ദമില്ലാതെ ഉദ്യോഗസ്ഥര്‍ ഇടപെടില്ല. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ഈ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കെതിരേയും അവര്‍ക്ക് നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.