ത്രികോണ പോരിനൊരുങ്ങി ഡല്‍ഹി; ഇന്ദ്രപ്രസ്ഥത്തില്‍ അര് വാഴും ആര് വീഴും

ഡല്‍ഹി ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തിയേറിയ ത്രികോണ പോരിന്. ഡല്‍ഹി വിട്ടു കൊടുക്കാന്‍ബിജെപിയും കോണ്‍ഗ്രസ്സും ആംആദ്മിയും തയ്യാറല്ല. ഇഞ്ചോടിച്ച് പോരാട്ടത്തിന് ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിക്കും. രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ് ഡല്‍ഹിയില്‍ ആര് വാഴും ആര് വീഴും എന്ന്. കോണ്‍ഗ്രസ്സിനും ബിജെപിക്കും കാലങ്ങലായി കിട്ടാക്കനിയാണ് ഡല്‍ഹി. ആംആദ്മിയാകട്ടെ ഭരണത്തുടര്‍ച്ചയ്ക്ക് പൊരുതുന്നു. കച്ചമുറുക്കി തന്നെയാണ് ബിജെപി ഇക്കുറി ബിജെപി. ഒന്നാംമോദി സര്‍ക്കാരിന്റെ കാലത്ത് കൈയ്യില്‍ നിന്ന് വഴുതി പോയ ഡല്‍ഹി ഇക്കുറി പിടിക്കുമെന്ന് തന്നെയാണ് ബിജെപി. ഡല്‍ഹിയില്‍ അടിത്തറ പാകിക്കഴി#്ഞുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. 70 മണ്ഡലങ്ങളിലും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുമെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. 2019ലെ തിരഞ്ഞെടുപ്പു കമ്മിഷന്‍ കണക്കുകള്‍ പ്രകാരം 1.43 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹിയിലെ മൊത്തം വോട്ടര്‍മാരില്‍ 40% ഹിന്ദുക്കളാണ്. അതുപോലെ, ഡല്‍ഹിയുടെ മൊത്തം ജനസംഖ്യയില്‍ 13% ന്യൂനപക്ഷ സമുദായങ്ങളാണ്. 70 മണ്ഡലങ്ങളില്‍ 15 മുതല്‍ 20 വരെ സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടുകളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, അഞ്ചു മണ്ഡലങ്ങളില്‍ 80-90% വോട്ടര്‍മാര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. ഡല്‍ഹിയിലെ ഓഖ്ല, സീലംപുര്‍, മാത്തിയ മഹല്‍, ബല്ലിമാരന്‍, മുസ്തഫാബാദ്, ചാന്ദ്‌നി ചൗക്ക്, സദര്‍ ബസാര്‍, കിരാഡി, റിഠാല, കരവാല്‍ നഗര്‍ എന്നിവിടങ്ങളാണ് ന്യൂനപക്ഷ മേല്‍ക്കൊയ്മയുള്ള മണ്ഡലങ്ങള്‍. ഇതില്‍ ബല്ലിമാരന്‍, ചാന്ദ്‌നി ചൗക്ക്, ഓഖ്ല, സീലംപുര്‍, മാത്തിയ മഹല്‍ എന്നീ 5 മണ്ഡലങ്ങളില്‍ 40 ശതമാനത്തോളം വോട്ടര്‍മാരും മുസ്ലിം വിഭാഗക്കാരാണ്. ഓഖ്ല നിയമസഭാ മണ്ഡലത്തിലാണ് ഷഹീന്‍ ബാഗ്. 1,07,098 സ്ത്രീകളും 1,66,341 പുരുഷന്മാരും 25 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 2,73,464 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 1,04,271 വോട്ടുകള്‍ നേടിയ എഎപി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാനാണ് ഇവിടെ വിജയിച്ചത്. ബിജെപിയുടെ ബ്രഹം സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും ഇവര്‍ തമ്മിലാകും കനത്ത പോരാട്ടമെന്നാണ് വിലയിരുത്തല്‍. പര്‍വേജ് ഹാഷ്മിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1977ല്‍ മണ്ഡലം രൂപീകരിച്ചതിനു ശേഷം ഒന്‍പതു തവണ ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതില്‍ നാലു തവണയും കോണ്‍ഗ്രസ് ആണ് ജയിച്ചത്.

ഇത്തവണ മൂന്ന് കൂട്ടരുടേയും പ്രധാന പ്രചരണ ആയുധം ഷഹീന്‍ബാഗ് തന്നെയായിരുന്നു. മൂന്ന് കൂട്ടരും മൂന്ന് രീതിയില്‍ തന്നെ ഷഹീന്‍ബാഗിനെ ഉപയോഗിച്ചു. സൗത്ത് ഡല്‍ഹിയില്‍ യമുനാ നദിക്കു സമീപത്തെ ഓഖ്ല നിയമസഭാ മണ്ഡലത്തിലെ പ്രധാന കോളനിയാണ് ഷഹീന്‍ ബാഗ്. ഡല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഷഹീന്‍ ബാഗ്-കാളിന്ദി കുഞ്ജ് റോഡ് കടന്നു പോകുന്നത് ഇതിലേയാണ്. സമരം നടക്കുന്നതിനാല്‍ ഈ പാത ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡിനു നടുവില്‍ കെട്ടിയ വലിയ സമരപ്പന്തലില്‍ 24 മണിക്കൂറും പതിനായിരങ്ങളാണ് കുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് നോയിഡയിലേക്കും തിരിച്ചും എത്താനുള്ള എളുപ്പവും പ്രധാനപ്പെട്ടതുമായ പാത അടഞ്ഞത് അവിടുത്തെ മധ്യവര്‍ഗത്തിന്റെ സഞ്ചാരത്തിന് വിഘ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. ഇതായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം. ഷഹീന്‍ ബാഗിലെ യാത്രാതടസ്സം ചൂണ്ടിക്കാട്ടിയും ന്യൂനപക്ഷങ്ങളുടെ ഒത്തുചേരലില്‍ ഭയം ഉണ്ടാക്കിയും വോട്ടുകള്‍ ധ്രുവീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ മാത്രം ലഭിച്ച ബിജെപി ഷഹീന്‍ ബാഗ് നിലനില്‍ക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, ഡല്‍ഹിയിലെ 40 ശതമാനം ഹിന്ദു വോട്ടുകളും ആ സമരം ആയുധമാക്കി നേടാനാണ് കണക്കു കൂട്ടുന്നത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല.

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തവണ ഏറ്റവും അധികം ഉയര്‍ന്നു കേട്ട പേരാണ് ഷഹീന്‍ ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി ശക്തമായ പോരാട്ടങ്ങള്‍ക്കു വേദിയായ രാജ്യതലസ്ഥാനത്ത് അന്‍പതു ദിവസം പിന്നിട്ടിട്ടും ഇന്നും ശോഭ ചോരാതെ കത്തിജ്വലിക്കുന്ന ഒരുപറ്റം സ്ത്രീകളുടെ സമരം തന്നെയാണ് തിരഞ്ഞെടുപ്പ് വേദികളില്‍ ഷഹീന്‍ ബാഗ് ഒരു പേരായി, ഒരു പക്ഷേ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വിഷയങ്ങളില്‍ ഒന്നായി ഉയരാന്‍ കാരണം. ഒരു മാസം മുന്‍പുവരെ വികസന പദ്ധതികളും മലിനീകരണവും പൗരത്വ ഭേദഗതി നിയമവും അനധികൃത കോളനികളും ശുദ്ധജലത്തിന്റെ അഭാവവും വിഷയമായിരുന്ന ഡല്‍ഹി തിരഞ്ഞടുപ്പു പ്രചാരണത്തിലേക്ക് ഷഹീന്‍ ബാഗ് കടന്നുവരികയായിരുന്നു.