യു.വി.ജോസിനും ലൈഫ് മിഷൻ കോഴയുടെ ഒരുപങ്ക്, കുരുക്ക് മുറുക്കി ഇ ഡി

കൊച്ചി. ലൈഫ് മിഷന്‍ ഇടപാടിൽ ഒന്നും നടന്നിട്ടില്ലെന്നും, മടിയിൽ കനമില്ലെന്നുമൊക്കെ പറഞ്ഞു പിണറായി സർക്കാരും സി പി എമ്മും ഒക്കെ ഇതുവരെ പറഞ്ഞത് രക്ഷപെടൽ തന്ത്രവും പച്ച നുണയുമാണെന്നു ചൂണ്ടിക്കാട്ടുന്ന മൊഴികൾ പുറത്ത്. ലൈഫ് മിഷൻ കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞിരിക്കുന്നത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെയുള്ള കുരുക്ക് ഇതോടെ മുറുകി. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോസിനെ ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യുകയാണ്. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ചൊവ്വാഴ്ചയും ജോസിനെ ചോദ്യം ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാണ് ജോസിനെ ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുള്ളത്. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിട്ടുണ്ട്.

ജോസിനെ ചൊവ്വാഴ്ച 9 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി 9 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഇതിൽ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ ഇതിനകം കണ്ടെത്തിയിരിക്കുന്നത്.