ബിജെപിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന ബോധ്യം ക്രൈസ്തവ സഭകള്‍ക്ക് വന്നു : ശ്രീധരന്‍ പിള്ള

കോഴിക്കോട്: ബിജെപിയോടുള്ള ക്രൈസ്തവരുടെ ചിന്താഗതിയിൽ മാറ്റമുണ്ടായെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ബിജെപിയെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തേണ്ടതില്ലെന്ന ബോധ്യം ക്രൈസ്തവ സഭകള്‍ക്ക് വന്നിട്ടുണ്ട്. ബിജെപിക്ക് പിന്തുണ നല്‍കാന്‍ മടിയില്ലെന്ന തലശ്ശേരി-താമരശ്ശേരി രൂപത ബിഷപ്പുമാരുടെ പ്രസ്താവന സംബന്ധിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

‘കേരളത്തിലെ എല്ലാ സഭാ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നത് കൊണ്ടും പങ്കെടുക്കാന്‍ അവരെന്നെ ക്ഷണിച്ചുകൊണ്ടു പോകുന്നതുകൊണ്ടും അവരുടെ എല്ലാം മാനിസകാവസ്ഥയില്‍ വന്ന മാറ്റം ബോധ്യമുണ്ട്. ആരെയാണോ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നത് അത് ശരിയല്ലെന്ന ചിന്തയിലേക്ക് സഭകള്‍ എത്തിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കൊലവിളി പ്രസ്താവനയുമായി ഇടത് എംഎല്‍എ കെ.ടി.ജലീല്‍ രംഗത്തെത്തി. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന ബിഷപ്പിന്റെ വാക്കുകൾക്കെതിരെയായിരുന്നു കെ.ടി.ജലീലിന്റെ കൊലവിളി.

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി. ബിജെപിക്ക് അനുകൂലമായുള്ള ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു