സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു, കുരുക്ക് മുറുക്കി ഇഡി

ചെന്നൈ : സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി. ഇയാളുടെ വീട്ടിൽ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും കണക്കിൽപ്പെടാത്ത 22 ലക്ഷം രൂപയും ശനിയാഴ്ച കണ്ടെടുത്തതായി ഇഡി അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇക്കഴിഞ്ഞ ജൂൺ 14- നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

കേസിൽ ബാലാജിയുമായി അടുപ്പമുള്ള എല്ലാവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. ബാലാജിയുടെ ഉറ്റ സുഹൃത്തായ എസ്ടി സ്വാമിനാഥൻ കേസുമായി ബന്ധപ്പെട്ട കള്ളപണം കൈവശം വെച്ചിട്ടുണ്ടെന്നും അവ കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇഡി പരിശോധന നടത്തിയത്.

സ്വാമി നാഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭാര്യസഹോദരിയായ ശാന്തി കേസിന് ആസ്പദമായ രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗുകൾ സെന്തിൽ ബാലാജിയുടെ ഡ്രൈവറായ ശിവയ്‌ക്ക് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇഡി കണ്ടെടുത്തു. തുടർന്നാണ് ശിവയുടെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലാണ് ബാലാജി ഉള്ളത്. ഇയാൾക്ക് ബന്ധമുള്ള ഒമ്പത് ഇടങ്ങളിലാണ് ഓഗസ്റ്റ് 3-ന് ഇഡി റെയ്ഡ് നടത്തിയത്. തെളിവുകൾ നശിപ്പിക്കാൻ തന്റെ സ്വാധീനം ഉപയോഗിച്ച് സെന്തിൽ ശ്രമിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയെ ഇഡി വ്യക്തമാക്കുകയുണ്ടായി.