താലിബാന്‍ ആക്രമണത്തില്‍ 30 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂൾ: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിപ്പിച്ചതിനു പിന്നാലെ അഫ്ഗാൻ സൈന്യത്തിനു നേരെ കനത്ത ആക്രമണവുമായി താലിബാൻ. പടിഞ്ഞാറൻ പ്രവിശ്യയിലെ ബാദ്ഘിസിലുണ്ടായ സ്ഫോടനത്തിലും ആക്രമണത്തിലും 30 സൈനികർ കൊല്ലപ്പെട്ടു. സെക്യൂരിറ്റി പോസ്റ്റുകൾക്കു നേരെ വിവിധയിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിലും നാലു സൈനികർ കൊല്ലപ്പെട്ടതായി ബാദ്ഘിസ് പൊലീസ് അറിയിച്ചു. ഭീകരര്‍ ഒരു സൈനിക കേന്ദ്രം പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ സമയത്തു തന്നെ താലിബാൻ ആക്രമണം പദ്ധതിയിട്ടിരുന്നതായാണു റിപ്പോർട്ടുകള്‍.

സര്‍ക്കാര്‍ പക്ഷേ വെടിനിര്‍ത്തല്‍ 10 ദിവസത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. പുലര്‍ച്ചെ രണ്ട് സെക്യൂരിറ്റി പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബഗ്ദിഷ് പ്രവിശ്യ ഗവര്‍ണര്‍ അറിയിച്ചു. പലദിശകളില്‍ നിന്നുമായി തീവ്രവാദികള്‍ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനിക ആസ്ഥാനമായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രവിശ്യ കൗണ്‍സില്‍ തലവന്‍ അബ്ദുള്‍ അസീസ് ബെക്ക് പറഞ്ഞു.

ബലമേർഘാബിലെ മിലിറ്ററി കേന്ദ്രത്തിലേക്കു ഭീകരർ ഇരച്ചു കയറുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ കേന്ദ്രം താലിബാൻ പിടിച്ചെടുത്തു. 30 സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രവിശ്യയുടെ പല ഭാഗങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ 15 താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.