സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും- എംവി ഗോവിന്ദൻ

തിരുവനന്തപുരം. പാര്‍ട്ടി നിലപാടെടുക്കുന്നതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്കു തിരിച്ചു വരുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിലവില്‍ സജി ചെറിയാനു കോടതിയില്‍ കേസില്ല. വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല.

സിപിഎം പുതിയ നിലപാട് എടുക്കുന്നതോടെ തീരുമാനം ഉണ്ടാകും. സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാര്‍മികതയും പരിഗണിച്ചാണ് പാര്‍ട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് മാറി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തില്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാര്‍ട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.

ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമര്‍ശിച്ചെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. സമൂഹത്തെ തകര്‍ത്ത് കാവിവല്‍ക്കരണത്തിലേക്കു നയിക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നതായി എംവി ഗോവിന്ദന്‍ ആരോപിച്ചു. ഈ നീക്കം കേരള രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചു. ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്.

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗാണ് ശരിയായ നിലപാടെടുത്തത്. ലീഗിന്റെ നിലപാടിലേക്കു കോണ്‍ഗ്രസിന് എത്തേണ്ടിവന്നു. സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനെ എതിര്‍ക്കുന്നില്ല എന്നു പ്രതിപക്ഷം നിലപാടെടുത്തു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ എടുത്ത സമീപനത്തിനു പിന്തുണയുമായി കൂടുതല്‍പേര്‍ വരികയാണ്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.