അത് ഞെട്ടിച്ചു, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവള്‍ ശിക്ഷിക്കപ്പെടണം, സ്വപ്‌നയുടെ അമ്മ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷിനായുള്ള തിരച്ചില്‍ അന്വേഷണ സംഘം തുടരുകയാണ്. ഇപ്പോഴും സ്വപ്‌ന ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്വപ്‌നയുടെ അമ്മ രംഗത്ത് എത്തി. മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നായിരുന്നു സ്വപ്‌നയുടെ അമ്മയുടെ ആദ്യ പ്രതികരണം. മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി, കഴിഞ്ഞ വെള്ളിയാഴ്ച വരെ ഫോണില്‍ സംസാരിച്ചിരുന്നു എന്നും സ്വപ്‌നയുടെ അമ്മ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി മകള്‍ക്ക് ബന്ധമുണ്ടെന്നുള്ള കാര്യങ്ങള്‍ വാര്‍ത്തകളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അത് ഞെട്ടിച്ചെന്നും സ്വപ്‌നയുടെ അമ്മ പറഞ്ഞു.

സ്വപ്‌നയുടെ കുട്ടിക്കാലം മുഴുവന്‍ ഗള്‍ഫില്‍ ആയിരുന്നു. അച്ഛന് ഗള്‍ഫില്‍ ബിസിനസ് ആയിരുന്നു. അച്ഛന്റെ പാതയിലൂടെ ചെറുപ്രായത്തില്‍ തന്നെ സ്വപ്‌ന ബിസിനസിലേക്ക് തിരിഞ്ഞു. 18-ാം വയസില്‍ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി സ്വപ്‌നയുടെ വിവാഹം നടന്നു. പിന്നീട് ബിസിനസുകള്‍ ഭര്‍ത്താവും സ്വപ്‌നയും ചേര്‍ന്നായി. ഇതിനിടെ സാമ്പത്തിക ബാധ്യതയുണ്ടായതോടെ നാട്ടിലേക്ക് തിരികെ പോന്നു. ഇതിനിടെ ഭര്‍ത്താവും സ്വപ്‌നയും തമ്മില്‍ വേര്‍പിരിയുകയും ചെയ്തു.

സ്വപ്ന സുരേഷ് പിണറായി വിജയൻ
സ്വപ്ന സുരേഷ് പിണറായി വിജയൻ

ഈ സമയം തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി സ്വപ്‌ന ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ ഗള്‍ഫില്‍ തിരികെ എത്തി. വീണ്ടും നാട്ടില്‍ തിരികെ എത്തിയതോടെ ശാസ്തമംഗലത്ത് എയര്‍ ട്രാവല്‍സില്‍ ജോലി ചെയ്തു. പിന്നീട് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി നേടി. അവിടെ നിന്നും യു എ ഇ കോണ്‍സിലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. പല ഭാഷകള്‍ അറിയാവുന്ന സ്വപ്‌നയ്ക്ക് ആരെയും ആകര്‍ഷിക്കുന്ന സ്വഭാവമായിരുന്നു. ഇതിനിടെ കോണ്‍സുലേറ്റില്‍ വിസ സ്റ്റാംപുമായി ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ സ്വപ്‌ന പുറത്തായി.

ഇതിനി പിന്നാലെ കേരളത്തിലേക്ക് വീണ്ടും തിരികെ പോന്നു. ഐടി വകുപ്പില്‍ സുപ്രധാന തസ്തികയില്‍ കടന്നു കൂടി. ഈ സമയവും കോണ്‍സുലേറ്റിലെ ചില ഉന്നതരുമായി സ്വപ്‌ന ബന്ധം നിലനിര്‍ത്തിയിരുന്നു. തലസ്ഥാനത്ത് വലിയൊരു കെട്ടിട നിര്‍മ്മാണത്തിന് സ്വപ്‌ന തുടക്കം കുറിച്ചിരുന്നു. മാത്രമല്ല ഒരു കാര്‍ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉണ്ടായിരുന്നു.