അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി, സന്ദേശം കാനഡയിൽനിന്ന്, ഇരിങ്ങാലക്കുട സ്വദേശിക്കെതിരെ കേസെടുത്തു

അങ്കമാലി : കഴിഞ്ഞ ദിവസം രാവിലെ 11.45ഊടെയാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ ആ ഫോൺ കോൾ എത്തിയത്. നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ട്, ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും, എന്നായിരുന്നു സന്ദേശം. അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍ പൊട്ടുമെന്നുമായിരുന്നു ഭീഷണി. സന്ദേശം ലഭിച്ചയുടന്‍ പോലീസ് പാഞ്ഞെത്തി നഗരസഭാ അരിച്ചുപെറുക്കി.

ഒന്നും കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നഗരസഭയിലെത്തി പരിശോധന നടത്തിയിരുന്നു. വിവരമറിഞ്ഞ് ആളുകളും നഗരസഭയിലേക്ക് ഓടിയെത്തി. നഗരസഭയില്‍ ഉണ്ടായിരുന്ന വാഹനങ്ങളും നഗരസഭാ പരിസരവുമെല്ലാം പരിശോധിച്ചശേഷമാണ് ബോംബില്ലെന്ന് ഉറപ്പുവരുത്തിയത്.

ഇരിങ്ങാലക്കുട സ്വദേശി സോനു ജോണ്‍സണ്‍ ആണ് ഫോണ്‍ സന്ദേശം നല്‍കിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് അങ്കമാലി സ്റ്റേഷന്‍ ഓഫീസര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു. സോനു ജോണ്‍സണ്‍ ഒരുവര്‍ഷമായി കാനഡയിലാണുള്ളത്. ഇയാള്‍ കാനഡയില്‍ നിന്നുമാണ് അങ്കമാലി സ്റ്റേഷനിലേക്ക് വിളിച്ചിരിക്കുന്നത്.