അനധികൃത പാർക്കിങ് ചിത്രങ്ങൾ കൈമാറിയാൽ 500 രൂപ പാരിതോഷികം, നിയമം വരുന്നു.

ന്യൂദല്‍ഹി/ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ചിത്രം അധികൃതര്‍ക്ക് നല്‍കുന്നവര്‍ക്ക് പരിതോഷികം നല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം. ദല്‍ഹിയിലെ ഒരുപരിപാരിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്യത്ത് പുതിയതായി നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമത്തെ കുറിച്ച് ഗതാഗതമന്ത്രി അറിയിച്ചിരിക്കുന്നത്.

അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രാജ്യത്ത് 1000 രൂപയാണ് ഇപ്പോൾ പിഴ ഈടാക്കുന്നതെങ്കില്‍ ഇത്തരത്തില്‍ അനധികൃത പാര്‍ക്കിങ് സംബന്ധിച്ച് അധികാരികള്‍ക്ക് ഫോട്ടോ അയച്ചുനല്‍കുന്നയാള്‍ക്ക് അതിന്റെ പകുതി 500 രൂപ പാരിതോഷികമായി നല്‍കുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞിരിക്കുന്നത്. നഗരങ്ങളിലെ അനധികൃത പാര്‍ക്കിങ് രാജ്യത്തിന് വിപത്താണ് ഉണ്ടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന പൊതുഗതാഗതം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി.

കുടുംബത്തിലെ ഓരോ അംഗത്തിനും കാറുകള്‍ ഉണ്ടാകും. എന്നാല്‍ ആരും പാര്‍ക്കിങ് സ്ഥലങ്ങള്‍ നിര്‍മിക്കുന്നില്ല. ദല്‍ഹിയില്‍ വിശാലമായ റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളായി കണക്കാക്കുകയാണ്. നാഗ്പൂരിലെ തന്റെ വീട്ടില്‍ 12 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും റോഡില്‍ പാര്‍ക്ക് ചെയ്യുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.