തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു, സംഭവം ഒല്ലൂരിൽ

തൃശ്ശൂർ : ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടംനടന്നത്.

കൊല്ലത്തുനിന്ന് മം​ഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ബിജുമോൻ. നാട്ടുകാരായ മറ്റു നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറിൽ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മം​ഗലാപുരത്തേക്ക് പോകാനായി തീവണ്ടിയിൽ കയറിയത്.

യാത്രയ്ക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവരും മറ്റുയാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.