അർഹിക്കുന്നില്ലെങ്കിലും ഒരു സീറ്റ് നൽകാം, ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറായി എഎപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് എഎപി. ഡൽഹിയിലെ ഏഴുസീറ്റുകളിൽ ഒന്ന് നൽകാമെന്നാണ് വാഗ്ദാനം.

മെറിറ്റ് അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കോൺഗ്രസ് പാർട്ടി ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല. പക്ഷെ സഖ്യത്തിൽ അനുവർത്തിക്കേണ്ട ധർമത്തെ മുൻനിർത്തി ഞങ്ങൾ ഒരു സീറ്റ് കോൺഗ്രസിന് വാഗ്ദാനം ചെയ്യുകയാണ്. കോൺഗ്രസ് ഒരു സീറ്റിലും എഎപി ആറുസീറ്റുകളിലും മത്സരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എഎപി എംപി സന്ദീപ് പതക് പറഞ്ഞു.

എഎപി പഞ്ചാബിലെ 13 സീറ്റിലും മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. തൊട്ടുപിറകേയാണ് ഡൽഹിയിൽ സഖ്യത്തിന് തയ്യാറാണെന്ന് എഎപി അറിയിച്ചത്.

2019ലെ തിരഞ്ഞെടുപ്പിൽ ഏഴുസീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോൺഗ്രസാണ് രണ്ടാമത് കൂടുതൽ വോട്ട് നേടിയത്. എഎപിക്ക് മൂന്നാംസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അന്നുമുതൽ ഡൽഹിയിലാണെങ്കിലും പഞ്ചാബിലാണെങ്കിലും മികച്ച പ്രകടനമാണ് എഎപി കാഴ്ചവയ്ക്കുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ബിജെപിയെയും കോൺഗ്രസിനെയും എഎപി പരാജയപ്പെടുത്തി. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതും എഎപി ആണ്.