കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം പറഞ്ഞ് രേഖ

നിരവധി നായിക കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറി കൂടിയ നടിയാണ് രേഖ. താരം നായികയായി എത്തിയ കിഴക്കുണരും പക്ഷി. ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികളുടെ മനസില്‍ എക്കാലവും ഓര്‍ക്കപ്പെടും. ഇപ്പോഴും പല വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാണ് രേഖ. സോഷ്യല്‍ മീഡിയകളില്‍ താരം കുടുംബ ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കുവെയ്ക്കാറില്ല. ഇതിന് കാരണം ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രേഖ. ഒരു നടി എന്ന നിലയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് നന്നായി ആസ്വദിക്കുന്ന തനിക്ക് കുടുംബത്തിന്റെ പ്രൈവസി പ്രധാനമാണെന്നും അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വഴി കുടുംബ ഫോട്ടോകള്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ലെന്നുമാണ് നടി പറയുന്നത്.

രേഖയുടെ വാക്കുകള്‍ ഇങ്ങനെ,- ‘ഞാന്‍ ഒരു സെലിബ്രിറ്റിയാണ്. സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ കാര്യങ്ങള്‍ അറിയുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ ഫാമിലിയുടെ കാര്യങ്ങള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്റെ ഹസ്ബന്‍ഡിനും, മകള്‍ക്കും അവരുടേതായ പ്രൈവസി കിട്ടണം. ഞാന്‍ ഒരിക്കലും എന്റെ ഫേസ്ബുക്കില്‍ കുടുംബ ഫോട്ടോ ഒന്നും ഇട്ടിട്ടില്ല. എന്റെ കാര്യങ്ങള്‍ മാത്രം ആളുകള്‍ അറിഞ്ഞാല്‍ മതി’.

മലയാള സിനിമയില്‍ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് രേഖ തുടക്കം കുറിക്കുന്നത്. അക്കാലത്ത് തെന്നിന്ത്യയിലെ വളരെ തിരക്കേറിയ നായിക നടിമാരില്‍ ഒരാള്‍ ആയിരുന്നു രേഖ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അവരുടെ നായികയായി രേഖ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ രേഖയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം മോഹന്‍ലാല്‍ നായകനായി എത്തി വേണു നാഗവള്ളി ഒരുക്കിയ ഏയ് ഓട്ടോ ആയിരുന്നു.