ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ച കാര്യം പുറത്തുപറഞ്ഞാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന് സിദ്ദിഖ് വെല്ലുവിളിച്ചു-രേവതി സമ്പത്ത്

സിദ്ദിഖിനെതിരെ വീണ്ടും ആരോപണവുമായി രേവതി സമ്പത്ത്.2016ല്‍ സിദ്ദിഖിന്റെ മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗീകചൂഷണം നടത്താന്‍ ശ്രമിച്ചെന്ന തുറന്നുപറച്ചില്‍ വിവാദമായതിന് പിന്നാലെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ച കാര്യം പുറത്തുപറഞ്ഞാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞതായി രേവതി പറയുന്നു.ഇതാണ് അതിക്രമം നടത്തുന്നവരില്‍ ഭൂരിഭാഗം പേരുടേയും സമീപനം. അവര്‍ക്ക് എവിടെ നിന്നാണ് ഇത്ര ധൈര്യം കിട്ടുന്നത്? മനസിലാകുന്നില്ല.

രേവതി സമ്പത്തിന്റെ വാക്കുകൾ ഇങ്ങനെ,

സിദ്ദിഖിനും സംവിധായകന്‍ രാജേഷ് ടച്ച് റിവറിനുമെതിരെ തുറന്നുപറച്ചില്‍ നടത്തിയതോടെ എനിക്ക് ലഭിച്ച് 90 ശതമാനത്തോളം ഓഫറുകളും നഷ്ടപ്പെട്ടു. മുതിര്‍ന്ന ഒരു നടനെതിരെ സംസാരിച്ചതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ സംവിധായകരുണ്ട്. അവസാന നിമിഷം വരെ പ്രതീക്ഷ വെച്ച സന്ദര്‍ഭങ്ങളുണ്ടായി. പക്ഷെ, അവസരങ്ങള്‍ നഷ്ടമാകുകയാണുണ്ടായത്. ഒരിക്കല്‍ എതിര്‍ത്ത് സംസാരിച്ചാല്‍ പിന്നെ നമ്മള്‍ ഇന്‍ഡസ്ട്രിയ്ക്ക് പുറത്താണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വപ്‌നങ്ങളും കരിയറും നഷ്ടപ്പെടുന്ന ഒരു അധികാരക്കളിയാണിത്. ഒരാളെ കാസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ക്കും ഔദാര്യം ചെയ്യുകയല്ലെന്ന് അവര്‍ തിരിച്ചറിയണം. അത് പ്രതിഭയുള്ളവരുടെ അവകാശമാണ്.

സിദ്ദിഖിനെതിരെ നിയമപരമായി നീങ്ങുന്നതിനേക്കുറിച്ചും ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് വ്യക്തിപരമായ ചില കാരണങ്ങളുണ്ടായിരുന്നു. അതിന് ശേഷമുണ്ടാകുന്ന അധിക്ഷേപങ്ങളും വിചാരണയും നേരിടാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. സിദ്ദിഖില്‍ നിന്നുണ്ടായ തുറന്നുപറച്ചില്‍ തന്നെ വലിയ ഒരു മുന്നേറ്റമായി ഞാന്‍ കാണുന്നു. എനിക്കൊപ്പം അയാളില്‍ നിന്നും സമാനമായ അതിക്രമം നേരിട്ടവര്‍ അത് കരുത്ത് പകര്‍ന്നു.

2016ല്‍ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് എന്നെ സിദ്ദിഖ് ആദ്യം സമീപിച്ചിത്. തിരുവനന്തപുരം നിള തിയേറ്ററില്‍ സുഖമായിരിക്കട്ടേ എന്ന ചിത്രത്തിന്റെ പ്രിവ്യൂന് ക്ഷണിച്ചു. 21 വയസുകാരിയായ എനിക്ക് ഇന്‍ഡസ്ട്രിയിലെ കളികളേക്കുറിച്ച് അറിയില്ലായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സിദ്ദിഖ് പറഞ്ഞു. ഞാന്‍ അനുസരിച്ച് നിന്നാല്‍ എന്നെ എന്നെ വലിയ നടിയാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. അന്ന് സിദ്ദിഖ് എന്നോട് പറഞ്ഞത് കൃത്യമായി ഉദ്ധരിച്ചാല്‍ ഇങ്ങനെയാണ് പ്രവേശിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല, മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ലേ? അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ആ സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയെങ്കിലും സിദ്ദിഖ് എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. എന്നെ കോണ്‍ടാക്റ്റ് ചെയ്യാനുള്ള ശ്രമം തുടര്‍ന്നു. ദ്രോഹം പിന്നീടുമുണ്ടായി. വൈകാരികമായ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഞാന്‍ എനിക്ക് തന്നെ കുറച്ച് സമയം കൊടുത്തു. എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്ന ചോദ്യം അപ്രസക്തമാണെന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു