പോകുന്നെങ്കില്‍ പൊക്കോ പിന്നെ സിനിമയില്‍ ഉണ്ടാവില്ല, സംവിധായകൻ നടത്തിയ വെല്ലുവിളിയെക്കുറിച്ച് സുമലത

മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്. അന്യഭാഷക്കാരിയാണെങ്കിലും ഒരു മലയാളിയായിട്ട് തന്നെയായിരുന്നു പ്രേക്ഷകർ ഇവരെ കണക്കാക്കിയത്. നായകന്മാർ ആരായാലും സുമലത ഇല്ലാത്ത സിനിമ ഇറങ്ങാത്ത ഒരു സ്ഥിതി വിശേഷമുണ്ടായിരുന്നു മലയാളത്തിൽ. നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ആരായിരുന്നാലും നായിക സുമലതയായിരുന്നു.

പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ പ്രേക്ഷകരാരും മറന്നു കാണില്ല. കോളേജ് കുമാരിയും വീട്ടമ്മയായും സിനിമയിൽ അരങ്ങുതകർത്ത സുമലത അംബരീഷുമായുള്ള വിവാഹശേഷം കുടുംബിനിയായി ഒതുങ്ങി കഴിയുകയാണ്. മലയാളത്തിൽ സുമലതയുടെ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്നും ഉയർന്ന വെല്ലുവിളിയെ കുറിച്ച് സുമലത നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നിറക്കൂട്ടിൽ സുമലതയായിരുന്നു നായിക. 1985ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് മലയാളത്തിൽ ഒരു തുടക്കക്കാരി മാത്രമായിരുന്നു. സുമലതയെ മലയാളികൾ അറിഞ്ഞു തുടങ്ങുന്നതെയുള്ളൂ. എന്നാൽ നിറക്കൂട്ട് എന്ന ചിത്രം ഏറെ ജനശ്രദ്ധ നേടിയെടുത്തു. ‘പൂമാനമേ….’എന്ന ഗാനം ഇന്നും മലയാളികളുടെ നാവിൻതുമ്പിലുണ്ട്.

ബാബു നമ്പൂതിരി, ഉര്‍വശി, ലിസി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. സുമലത അവതരിപ്പിച്ച മേഴ്‌സി കൊല്ലപ്പെടുന്നതാണ് നിര്‍ണ്ണായകമാകുന്നത് ചിത്രത്തില്‍. ചിത്രത്തിലെ ബലാല്‍സംഗ ദൃശ്യം ചിത്രീകരിക്കുന്നതിനിടെ വില്ലനായ ബാബു നമ്പൂതിരിയുടെ വിരല്‍ കൊണ്ട് സുമലതയുടെ മുഖത്ത് ചെറുതായി മുറിവുണ്ടായി. മുഖത്ത് നിന്ന് രക്തം വന്നതോടെ സുമലത അഭിനയം മതിയാക്കി അമ്മയ്‌ക്കൊപ്പം കാറില്‍ കയറി ഇരിപ്പായി. ചിത്രീകരണം തടസപ്പെട്ടു. ബാബു നമ്പൂതിരി ക്ഷമ പറഞ്ഞെങ്കിലും കാറില്‍ നിന്നിറങ്ങാന്‍ നടിയും അമ്മയും കൂട്ടാക്കിയില്ല. ഈ സമയമാണ് മമ്മൂട്ടി സെറ്റിലേക്ക് വന്നത്.

മമ്മൂട്ടി കേട്ട് കൊണ്ട് വന്നത് ദേഷ്യപ്പെടുന്ന ജോഷിയുടെ വാക്കുകളാണത്രെ. പോകുന്നെങ്കില്‍ പൊയ്‌ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തില്‍ ഉണ്ടാവില്ല. ഇത് കേട്ടതോടെയാണ് സുമലതയും അമ്മയും വീണ്ടും സഹകരിക്കാന്‍ തയാറായതെന്നാണ് പറയപ്പെടുന്നത്. നടി തന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.